മഴ
വൃശ്ചിക തണുപ്പിനുപകരം, തുലാവർഷത്തെ ഓർമിപ്പിക്കും വിധം പെയ്തു തിമിർക്കുന്ന മഴ കണ്ടപ്പോഴാണ് വീണ്ടും ആ ചിന്ത വന്നത്... മഴ യഥാർത്ഥത്തിൽ നമുക്കാരാണ്?
കവികളുടെയും എഴുത്തുക്കാരുടെയും സിനിമാക്കാരുടെയും ഇഷ്ടവിഷയമാണല്ലോ മഴ... പ്രണയിക്കുന്നവർക്ക് കുളിർമഴയും പവിഴമഴയും... വേദനിക്കുന്നവർക്ക് കണ്ണീർ മഴ... തളർന്നു പോയവർക്ക് ചെന്നു ചേക്കേറാൻ കൂടുതന്ന ഇടമായി മഴ... മഴയെ കുറിച്ചെഴുതാൻ പറഞ്ഞാലാവട്ടെ കൈതപ്രം ഒരു പാട്ടു മുഴുവൻ തന്നെ മഴക്കായി എഴുതിയിട്ടുണ്ട്...
എങ്കിലും എനിക്കാരാണ് മഴ എന്ന് വെറുതെ ഒന്ന് ആലോചിച്ച് പോവുകയാണ്... ജീവിതം വളരെ വിരസവും ഓട്ടപാച്ചിലും അപ്രിയവുമായി മുന്നേറുമ്പോഴാണ് ജനാലയിലൂടെ ഒരു ഇളം കാറ്റ് കടന്നു വന്നത്... പുറത്തിറങ്ങി നോക്കിയതും മാനം കറുത്തിരുണ്ടിരിക്കുന്നു... പെട്ടെന്ന് പ്രിയപ്പെട്ട ആരെയോ കണ്മുന്നിൽ കണ്ട പോലെ മനസ്സ് തുള്ളിച്ചാടി (ഞാൻ ആർത്തു ചാടിയാൽ ആൾക്കാർ പ്രാന്താണെന്ന് പറയും)... എന്തെന്നില്ലാത്ത ഒരു സന്തോഷം... നഷ്ട്ടപ്പെട്ട എന്തോ തിരിച്ച് കിട്ടിയോരാനന്ദം... വാടി തളർന്നു പോയ ചെടിക്ക് തെളിനീർ ലഭിക്കും പോലെ, തളർന്നുറഞ്ഞു പോയ മനസ്സും ശരീരവും ഒരു പുതുജീവൻ ലഭിച്ചപോൽ ആവേശത്തിലായി... അങ്ങനെ അൽപ്പനേരത്തേക്കെങ്കിലും സകലതും മറന്ന്, ഞാനും ആ മഴയിൽ അലിഞ്ഞു പോവുകയാണ്... അതേ, ഈ മഴ എനിക്കും ആരൊക്കെയോ ആണ്... മറ്റൊന്നിനും നൽകാൻ കഴിയാത്തൊരനുഭൂതി ഈ മഴയിൽ ഞാൻ അനുഭവിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ഇതെനിക്ക് എന്നും പ്രിയപ്പെട്ടത് തന്നെ...
No comments:
Post a Comment