Monday, September 19, 2022

ഞാൻ കണ്ട പൂമരം

 ഞാൻ കണ്ട പൂമരം


കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ ചിത്രമാണ് പൂമരം.... സിനിമയിലെ സീനുകൾ പലതും മുമ്പ് കണ്ടിട്ടുണ്ടെങ്കിലും സിനിമ മുഴുവനായി കാണുന്നത് ഈയടുത്താണ്.... അതിനു കാരണമായതാകട്ടെ എന്റെ playlist ൽ ഇടക്കിടക്ക് കയറി വന്നിരുന്ന "ഇനിയൊരു കാലത്തേക്ക്.... " എന്ന ഗാനവും.ഓരോ തവണ കേൾക്കുമ്പോഴും മനസ്സിന്റെ ഉള്ളിൽ തറക്കുന്ന, ഓർമകളുടെ കഴിഞ്ഞ കാലത്തേക്ക് നയിക്കുന്ന ഒരു മാന്ത്രികത ആ പാട്ടിനുണ്ടായിരുന്നു....



എന്നെ പൂർണമായും തൃപ്തിപെടുത്തിയ ഒരു ചിത്രമാണ് പൂമരം.... സിനിമ കണ്ട് കൊണ്ടിരുന്നപ്പോൾ പലപ്പോഴും മനസ്സ് കലോത്സവവേദികളുടെ ആ പഴയ ഓർമകളിലേക്ക് സഞ്ചരിക്കയുണ്ടായി.... പൂരം 2016 എന്ന യൂണിവേഴ്സിറ്റി കലോത്സവവും അതോടനുബന്ധിച്ചു നടക്കുന്ന സംഭവങ്ങളുമാണ് ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നത്.... പല തവണകളായി സ്കൂൾ കലോത്സവങ്ങളിൽ സാന്നിധ്യമായിരുന്നതിനാൽ സിനിമയിൽ കാണിച്ച ഓരോ രംഗവും അത്രത്തോളം റിലേറ്റബിൾ ആയിരുന്നു...


ഒരു കല അതിന്റെ അന്തിമ രൂപത്തിൽ വേദിയിൽ അവതരിപ്പിക്കപ്പെടുന്നത് നാം കാണാറുണ്ട്, എന്നാൽ അതിനു പിന്നിലെ മാസങ്ങൾ നീണ്ട കഷ്ടപ്പാടും സഹനവും അർപ്പണ ബോധവും പലപ്പോഴും നമ്മുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്.... എന്നാൽ ഈ സിനിമയിൽ ഉടനീളം ആ അനുഭവത്തിന്റെ നേർകാഴ്ചയാണ് ലഭിക്കുന്നത്. പിന്നണിയിലായി കേൾക്കുന്ന കവിതയും, നാടോടിപ്പാട്ടിന്റെയും ഭരതനാട്ട്യത്തിന്റെയും ഈണവും താളവും കലോത്സവത്തിന്റെ പിന്നാമ്പുറകാഴ്ചകളിലേക്ക് മനസിനെ നയിച്ചു ...


കലോത്സവം കേവലം കഴിവിന്റെ പ്രദർശനം മാത്രമല്ല, മറിച്ച് അത് ഒത്തുചേരലിന്റെയും സൗഹൃദങ്ങളുടെയും അവസരം കൂടിയാണ്... ഒരു ചായകുടിച്ച്, ഡെസ്കിൽ കൊട്ടി പാടാനും കൂട്ടുക്കാരെല്ലാം ഒരുമിച്ചിരുന്നു പാട്ടുപാടാനും അവിടെ നമുക്ക് സ്വാതന്ത്ര്യമുണ്ട്.... റിസൾട്ട്‌ അനൗൺസ് ചെയ്യുന്ന നിമിഷം സ്വന്തം കലാലയത്തിനായി ഹർഷാരവം മുഴക്കാൻ, ജയ് വിളിക്കാൻ എല്ലാവരും ഒത്തുകൂടുന്നു... ഓരോ ദിവസവും ഈ കപ്പ്‌ നമുക്ക് തന്നെ വേണമെന്ന് ഉറപ്പിച്ച് തന്റെ ടീമിന് ആത്മവിശ്വാസം നൽകുന്ന നേതാവിനെ നാം കാണുന്നു... കലോത്സവവീഥികളിൽ പറയാതെ പറയുന്ന പ്രണയം നാം കാണുന്നു.... അങ്ങനെ ഓരോ ഫ്രെയിമും മനോഹരമാണ്....


എല്ലാത്തിലുമുപരിയായി, ഓരോ കലാമേളയിലും ആരു വിജയിക്കുന്നു എന്നതിലല്ല മറിച്ച് നാം എങ്ങനെ നമ്മുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നു എന്നതിലാണ് യഥാർത്ഥ വിജയമെന്ന് സിനിമ പറഞ്ഞുവക്കുന്നു... ഒരു കലാകാരന്റെ കഴിവിനെ പിഴുതെറിഞ്ഞ്, നേടുന്ന വിജയത്തിലൂടെ എന്ത് സന്ദേശമാണ് സമൂഹത്തിനു നൽകുന്നതെന്ന അച്ചന്റെ ചോദ്യത്തിന് മുമ്പിൽ ഐക്യത്തിന്റെ, സമത്വത്തിന്റെ, ഒത്തൊരുമയുടെ പൂമരം തീർക്കുന്ന ഗൗതമും സംഘവും മനസ്സിൽ വലിയ സ്ഥാനം നേടിയെടുക്കുന്നു.....


സിനിമയുടെ ഓരോ രംഗവും മിഴിവർന്നതായി തീരുന്നു എന്നതും എടുത്ത് പറയേണ്ടതാണ്... ഗാനരംഗങ്ങളിൽ, പാട്ടിന്റെ വരിയോടൊപ്പം പ്രേഷകനെ കൊണ്ടുപോവുന്നതിൽ വിഷ്വൽസ് വഹിച്ച സ്വാധീനം ചെറുതല്ല.... തുടക്കത്തിലെ ഗാനരംഗത്തിൽ മഹാരാജാസ് കോളേജിന്റെ സൗന്ദര്യം എത്ര ചാരുതയോടെയാണ് പകർത്തിയിരിക്കുന്നത്...കലോത്സവ വേളയിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന സന്ദർഭങ്ങൾ പലതും സിനിമയിൽ സൂചിപ്പിച്ചിട്ടുണ്ട്....


അഭിനയത്തിലേക്ക് വന്നാൽ തീവ്രമായ അഭിനയ പ്രകടനമല്ല മറിച്ച് സ്വാഭാവികഭിനയമാണ് ചിത്രം ആവശ്യപ്പെടുന്നത്.... ആ കാര്യത്തിൽ ഓരോരുത്തരും വിജയിച്ചു എന്ന് തന്നെ പറയാം... തന്റെ കഥാപാത്രം ആവശ്യപ്പെടുന്നതെന്താണോ അത് നൽകാൻ അഭിനേതാക്കൾക്ക് സാധിച്ചു.... നർത്തകരും അധ്യാപകരും മിമിക്രി കലാകാരന്മാരും കാഥികരും അങ്ങനെ ഓരോ കലാകാരന്മാരും മികച്ചതായിരുന്നു.... കലോത്സവം ഒരുപാട് പേരുടെ ഉപജീവനം കൂടിയാണ് എന്ന യാഥാർഥ്യം സിനിമ തുറന്നു കാണിച്ചു....



ക്യാമ്പസ്‌ ബേസ്ഡ് ചിത്രങ്ങളിൽ കടന്നുവരുന്ന കൊടിയ സംഘർഷങ്ങളോ പൊട്ടിച്ചിരിപ്പിക്കുന്ന വലിയ തമാശകളോ രാഷ്ട്രീയപോരാട്ടങ്ങളോ പ്രണയരംഗങ്ങളോ ഈ ചിത്രത്തിൽ നമുക്ക് കാണാനാവില്ല.... എന്നാൽ എല്ലാത്തിനുമുപരിയായി കലയുടെ ഒരു മാന്ത്രിക സ്പർശം പൂമരത്തിലുണ്ട്, കലയാണ് ഈ സിനിമയുടെ ആത്മാവ് ,സ്വഭാവികമായ അനുഭവങ്ങളുടെ നേർ കാഴ്ചയാണിത്...


 സ്കൂൾ ജീവിതത്തിലെ അവസാന കലോത്സവത്തിൽ ജില്ലാ കലോത്സവത്തിന് വേദിയായതിന്റെ മനോഹരമായ ഒരുപാട് ഓർമ്മകളുണ്ട്... മനസ്സുനിറഞ്ഞ് ചിരിച്ചതും കണ്ണു നിറഞ്ഞിരുന്നതും കഥകൾ പറഞ്ഞതും താളത്തിനൊത്ത് ചുവടുവച്ചതും കൂട്ടുകാരോടൊപ്പം അലഞ്ഞുനടന്നതും ഇന്നും മനസ്സിന്റെ ഉള്ളിലെ ഓർമകളാണ്.... അത് കൊണ്ടുതന്നെ ഒരു സിനിമപ്രേമി എന്ന നിലയിൽ എന്നെ ആ ഓർമകളിലേക്ക് നയിച്ച ഒരു സിനിമയാണ് പൂമരം....

Thanku Abrid shine for that wonderful art form.....


ഓർമ്മപ്പെടുത്തൽ

 ഇരുപതു വയസ്സ്‌ കഴിഞ്ഞ 'മുതിർന്ന കുട്ടികളെ', ഇത് നിങ്ങളോടാണ്.... പ്രായത്തിന്റെ അളവുസൂചികയിൽ ഉത്തരവാദിത്തങ്ങളും ചുമതലകളും തനിയെ വന്നു...