ഇരുപതു വയസ്സ് കഴിഞ്ഞ 'മുതിർന്ന കുട്ടികളെ', ഇത് നിങ്ങളോടാണ്....
പ്രായത്തിന്റെ അളവുസൂചികയിൽ ഉത്തരവാദിത്തങ്ങളും ചുമതലകളും തനിയെ വന്നു ചേരുന്നതാണ് നമ്മുടെ സമൂഹത്തിന്റെ ഒരു പൊതുസ്വഭാവം... അതിപ്പോൾ പഠിത്തം കഴിഞ്ഞാൽ ജോലി ആയില്ലേ, ജോലി ആയാൽ കല്യാണമായില്ലേ, കല്യാണം കഴിഞ്ഞാൽ കുട്ടികളായില്ലേ എന്നിങ്ങനെ ഒരു ലൂപ് പോലെ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു... എന്നാൽ ഈ ഒരു ഘട്ടത്തിലേക്കുള്ള transition എത്രത്തോളം ബുദ്ധിമുട്ടേറിയതും വെല്ലുവിളികൾ നിറഞ്ഞതുമാണെന്ന് പലപ്പോഴും നമ്മൾ ചർച്ച ചെയ്യാറേയില്ല...
കുട്ടിയായിരിക്കുമ്പോൾ വേഗം വളർന്നു വലുതായാൽ മതിയായിരുന്നുവെന്നും, ജോലിയും പണവും എല്ലാം പ്രായത്തിനനുസരിച്ചു തനിയെ കടന്നു വരുന്നതുമാണെന്നും ധരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു... എന്നാൽ പതിനെട്ടിന്റെ കടമ്പ കടന്ന് മുന്നോട്ട് പോവാൻ തുടങ്ങിയതനുസരിച്ച്, സാഹചര്യങ്ങളും അനുഭവങ്ങളുമെല്ലാം മാറിമറിയാൻ തുടങ്ങിയെന്നത് സത്യമല്ലേ??? ഒരു കുട്ടിയെന്നതിൽ നിന്നും മുന്നോട്ട് കടന്നു, എന്നാൽ ഒരു മുതിർന്ന വ്യക്തിയായി അംഗീകരിക്കപ്പെടുന്നുമില്ല, ഇതിനിടയിൽ നമ്മുടെ സ്ഥാനം എവിടെ എന്ന ചോദ്യം ഒരിക്കലെങ്കിലും നാം ഓരോരുത്തരെയും അലട്ടിയിരിക്കും... ഒരു കുട്ടി എന്ന നിലയിൽ നിന്നും പലപ്പോഴായി മാനസികമായി നമ്മൾ ഏറെ മുന്നോട്ടുവന്നിട്ടുണ്ടാവും... അതുകൊണ്ട് തന്നെ മനുഷ്യ ബന്ധങ്ങൾക്കും സ്നേഹത്തിനും സൗഹൃദത്തിനും കൂടുതൽ സ്ഥാനവും കടന്നുവന്നിട്ടുണ്ടാകും... കലാലയവും ഒട്ടേറെ സൗഹൃദങ്ങളുമായി നല്ല ദിനരാത്രങ്ങൾ ജീവിതത്തിൽ വന്നുപോയിട്ടുണ്ടാവും... അതേസമയം തന്നെ പലയിടത്തും വെല്ലുവിളികളും തിരിച്ചടികളുമാണ് ഈ പ്രായത്തിൽ നമ്മെ വരവേറ്റത്. ആദ്യമായി സ്വന്തം comfort zone വിട്ട് പഠനത്തിനോ ജോലിക്കോ വേണ്ടി മറ്റൊരു നഗരത്തിലേക്ക് ചേക്കേറുന്നതുമുതൽ യഥാർത്ഥ പരീക്ഷണവും ആരംഭിക്കുകയായി... അതുവരെ അനുവർത്തിച്ചു വന്ന ശീലങ്ങളും കൂടപ്പിറപ്പുപോൽ ഒപ്പമുണ്ടായിരുന്ന സൗഹൃദങ്ങളും വീടും വീട്ടുക്കാരുമെല്ലാം ആദ്യമായി തനിക്കന്യമായി മാറും... സ്വന്തം വീട്ടിൽ പോലും ഒരു അതിഥിയെ പോലെ ഇടവേളകളിൽ മാത്രം ഓടിയെത്തി ഒരു പകലിനും രാത്രിക്കുമപ്പുറം വീണ്ടും തെരക്കുകളുടെ ലോകത്തേക്ക് മനസ്സില്ലാമനസ്സോടെ മടങ്ങി പോവേണ്ടി വരും... പുഞ്ചിരിക്ക് സ്നേഹത്തിന്റെ മുഖം മാത്രമല്ലയെന്ന് നാം തിരിച്ചറിയും... അതുവരെയും പരിചയമുണ്ടായിരുന്ന നിഷ്കളങ്കരായ മനുഷ്യർക്കപ്പുറം സ്വാർത്ഥതയുടെ മുഖം മൂടിയണിഞ്ഞ മത്സരബുദ്ധിയോടെ മാത്രം ജീവിതത്തെ നോക്കി കാണുന്ന നാഗരിക മനുഷ്യരുമായും ഈ കാലയളവിൽ നാം ഇടപഴകേണ്ടി വരും... എപ്പോഴും കൂടെയുണ്ടാവും എന്ന് വിചാരിച്ചവർ പോലും പല വഴികളിലേക്ക് നമ്മളിൽ നിന്നും ഇറങ്ങി പോയിട്ടുണ്ടാവാം... അപരിചിതരായി തീർന്നിട്ടുണ്ടാകാം... പരസ്പരം കണ്ടാൽ ഒരിക്കലും തിരിച്ചറിയാത്ത വിധം അകന്നു പോയിട്ടുമുണ്ടാവാം... അൽപ്പായുസ്സ് മാത്രമുള്ള സൗഹൃദങ്ങളും പ്രണയങ്ങളും വന്നുപോയിട്ടുണ്ടാകാം... ചില വേർപിരിയലുകളെങ്കിലും നിരാശയുടെ, കണ്ണീരിന്റെ രാത്രികൾ ബാക്കി വച്ചിട്ടാവും കടന്നു പോയിരിക്കുക...
കുട്ടിയാവുമ്പോൾ കാണുന്ന സ്വപ്നങ്ങൾക്ക് ചിറകു വക്കുന്നതും, ആ സ്വപ്നത്തിനു പിന്നാലെ പറക്കാൻ ആഗ്രഹിക്കുന്നതും ചിലപ്പോഴെങ്കിലും ആ യാത്രക്കിടയിൽ ചിറകുകൾ കരിഞ്ഞുപോയി താഴെ വീഴുന്നതും നമ്മൾ അനുഭവിച്ചതാണ്, വീഴ്ച്ചയിൽ നിന്നും വീണ്ടും എഴുന്നേറ്റ് മുന്നോട്ട് പറക്കാൻ ശ്രമിക്കുന്നവരിൽ ചിലർക്കെങ്കിലും എവിടെയൊക്കെയോ തന്റെ ഊർജ്ജം നഷ്ട്ടമായിയെന്ന തോന്നലും കൂടെ കൂടിയിട്ടുണ്ടാവും... തിരിച്ചടികളുടെ പടുകുഴിയിൽ വീണാലും, പതറാതെ തലയുയർത്തി മുന്നോട്ട് പോവുന്നവർ എന്നും ഒരു പ്രചോദനവുമാണ്...
ഒരു കാലത്ത് കണ്ടു ചിരിച്ചിരുന്ന ചലച്ചിത്ര രംഗങ്ങൾ ജീവിതത്തിലെ ഏടുകളായി മാറിയതും ഈ പ്രായത്തിലാണെന്ന സത്യം പലരും പറയാറുണ്ട്... നാടോടിക്കാറ്റും വിനോദയാത്രയും വെള്ളാനകളുടെ നാടും രസതന്ത്രവും അയാളും ഞാനും തമ്മിലും ഒടുവിൽ നമ്മൾ കണ്ട പൊന്മാനമുൾപ്പെടെ കേവലം സിനിമകൾ മാത്രമല്ലെന്നും അതിലെല്ലാം എവിടെയൊക്കെയോ നമ്മളെ തന്നെയാണ് കാണുന്നതെന്നും നാം പറയാതെ പറയുന്നു...
എവിടെയാണ് തെറ്റിപ്പോയത്?ഏതു തീരുമാനമാണ് തനിക്ക് തിരിച്ചടിയായത്?എവിടെയാണ് താൻ മനുഷ്യരിൽ നിന്നുമകന്നത്? അങ്ങനെയങ്ങനെ ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങൾ മനസ്സിൽ ആവർത്തിച്ചു ചോദിച്ചിട്ടും ഒരുത്തരം കണ്ടെത്താൻ നമുക്ക് പലപ്പോഴും കഴിയുന്നില്ല... സ്വന്തം കരച്ചിലുകളും വേദനയും ഒരു റൂമിനോടും കട്ടിലിനോടും മാത്രം പങ്കുവക്കുവാൻ വിധിക്കപ്പെട്ടവരാണ് ഈ പ്രായം കഴിഞ്ഞവർ എന്ന് തോന്നിയിട്ടുണ്ട്... ഒന്ന് കണ്ണു കലങ്ങി കണ്ടാല്ലോ, മുഖം വാടി കണ്ടാല്ലോ കുറ്റപ്പെടുത്തുന്നവരും നിനക്ക് മാത്രമല്ല പ്രശ്നങ്ങൾ എന്നും പറഞ്ഞു ശകാരിക്കുന്നവരുമായ ഈ സമൂഹത്തിൽ നിന്നും അധികം പ്രതീക്ഷിക്കാൻ നമുക്കും വഴിയില്ല... എന്നെങ്കിലും എല്ലാം ശരിയാവും എന്ന ചിന്തയിൽ, യാന്ത്രികമായി ജീവിതം മുന്നോട്ട് നയിച്ച്, ആഗ്രഹങ്ങളെ ഒരു പെട്ടിക്കുള്ളിൽ അടച്ചു വച്ച് ഉത്തരവാദിത്വങ്ങളുടെ മേലങ്കിയണിഞ്ഞ് തളരാതെ, വീണുപോവാതെ മുന്നോട്ട് പോകുന്ന കൂട്ടുകാരെ, ഇത് നിങ്ങളെ കുറിച്ചുള്ള, അല്ല "നമ്മളെ" കുറിച്ചുള്ള ഒരു ഓർമ്മക്കുറിപ്പ് മാത്രമാണ്... പറയാൻ ഇനിയും അവരവരുടേതായ എത്രയോ പരിമിതികൾ നമ്മൾക്ക് ഉണ്ട്, എങ്കിലും ഇതുവരെയുമെന്ന പോലെ തളർന്നു വീഴാതെ ഇനിയും മുന്നോട്ട് പോവുക, ഇടക്കെല്ലാം തിരിഞ്ഞ് നോക്കുമ്പോൾ ചിരിക്കുന്ന മുഖമുള്ള, സന്തോഷത്തിൽ മതിമറന്നു നിൽക്കുന്ന നമ്മളെ തന്നെ എവിടെയെങ്കിലും കാണാൻ കഴിഞ്ഞേക്കാം, ആ ചിത്രം എന്നും മനസ്സിൽ സൂക്ഷിച്ചോള്ളൂ, ഈ യാത്രയിൽ അതും നമുക്ക് കൂട്ടായിരിക്കട്ടെ... തനിക്ക് ഇനി കഴിയില്ല, തോറ്റുപോയി എന്ന് തോന്നിയാൽ നിങ്ങളുടെ പ്രിയപ്പെട്ടവരെ കുറിച്ച് ഓർക്കൂ, അവരുടെ മുഖവും അവർ തന്ന സ്നേഹവും നിഷ്കളങ്കമായ ചിരിയും നിങ്ങളെ ഒരുപക്ഷെ പിടിച്ചെഴുന്നേൽപ്പിക്കാം... മനുഷ്യൻ ശരിക്കും ഭാഗ്യവാനാണ്, കാരണം അവനു തല ചായ്ച്ചു കരയാൻ, ഒന്ന് കെട്ടിപ്പിടിക്കാൻ, കൈ പിടിച്ചു കയറ്റാൻ മറ്റൊരു മനുഷ്യൻ എങ്കിലും ഉണ്ടല്ലോ, ഇല്ല എന്ന് പറയണ്ട, ഒരാളെങ്കിലും നമ്മെ കേൾക്കാനും കൂടെ നിൽക്കാനും ഈ ഭൂമി മലയാളത്തിൽ ഉണ്ടാവും... നിരാശയാൽ ചില നിമിഷങ്ങളിൽ കൈവിട്ട ശ്രമങ്ങൾക്ക് മുതിരും മുമ്പ്, തിരിച്ച് വരാൻ പ്രേരിപ്പിക്കുന്ന ആ മനുഷ്യരെയൊന്നു ഓർത്തു നോക്കൂ, നമ്മൾ എവിടെയും പരാജയപ്പെട്ടിട്ടില്ല, ഇന്ന് കൈമോശം വന്നുവെന്ന് പറയുന്നതെല്ലാം കേവലം കാലത്തിന്റെ വികൃതികൾ മാത്രം, ചില പരീക്ഷണങ്ങൾ മാത്രം... ഒരുനാൾ നാം ആഗ്രഹിച്ചതെല്ലാം നമുക്ക് നേടിയെടുക്കാം, അതിനു വേണ്ടി ശ്രമിക്കുന്ന ഒരു മനസ്സുണ്ടായാൽ മതി...
വായിച്ചു തളർന്നുവോ? അതോ തീർത്തും അപരിചിതമായി തോന്നിയോ? ഇത് ഒന്നോ രണ്ടോ പേരുടെ കഥയല്ല... പലരിലൂടെയും പറഞ്ഞും കണ്ടും അനുഭവിച്ചുമറിഞ്ഞ സത്യങ്ങൾ മാത്രമാണ്... ഒരു കാര്യം കൂടെ പറഞ്ഞുവക്കട്ടെ, ഈ ഒരു നിരാശയുടെ മുടുപടം മാറ്റാൻ കഴിയുന്നത് യൂട്യൂബിൽ കാണുന്ന മോട്ടിവേഷൻ ക്ലാസുകൾക്കോ പങ്കെടുക്കുന്ന പരിപാടികൾക്കോ ഒന്നുമല്ല, മറിച്ച് സ്വയം നമുക്ക് തന്നെയാണ്... മാറണമെന്ന് നാം ചിന്തിക്കുന്ന ആ നിമിഷം മുതൽ മാറ്റം സംഭവിച്ചു തുടങ്ങുകയായി... നല്ല ഒരു ഭാവിയുടെ പ്രതീക്ഷകൾക്ക് ചിറക് വക്കുകയായി... അപ്പോഴും ഒരു കാര്യം ഓർമിപ്പിക്കട്ടെ... ഈ കെട്ടകാലത്തും കൂടെനിൽക്കുന്നവരെ, നമുക്ക് വേണ്ടി സമയം കണ്ടെത്തുന്നവരെ, കേൾക്കാൻ മനസ്സ് കാണിക്കുന്നവരെ നാളെ മറക്കാതിരിക്കുക, എന്നും ചേർത്തു നിർത്തുക, ഒരുപക്ഷെ ഇതുപോലെ കേൾക്കാൻ ഒരാൾ ഉണ്ടായിരുന്നെങ്കിൽ,കൂടെ നിൽക്കാൻ ഒരു മനുഷ്യനെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവരും ഏറെ ദൂരം സഞ്ചരിച്ചിരുന്നേനെ... വർണപട്ടങ്ങൾ പോലെ...
നിന്റെ ഇരുപതുകളാണ് ജീവിതത്തിലെ സുവർണകാലമെന്ന് പറയാൻ സിനിമ കഥയിൽ പറ്റുമായിരിക്കും,പക്ഷെ യാഥാർത്ഥ്യം എത്രയോ അകലെയാണല്ലോ...




