Tuesday, September 15, 2026

നല്ലൊരു പണി കിട്ടി

 മുംബൈയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രക്കിടയിലുണ്ടായ ഒരു രസകരമായ അനുഭവം പറയാം... ഇങ്ങനെ ചില സഹയാത്രികരെ കൊണ്ട് ഒരു കോച്ചിലുള്ള ബാക്കി ആളുകൾ കൂടി ബുദ്ധിമുട്ടുകയെന്ന് വച്ചാൽ അത് വല്ലാത്തൊരു കഷ്ട്ടം തന്നെ...

എന്റെ പ്ലാനിംങും യാത്രയുമെല്ലാം പെട്ടെന്ന് നടത്തുന്നത് കൊണ്ട് ടിക്കറ്റ് കിട്ടിയത് തന്നെ മഹാഭാഗ്യം, അതിനുള്ള നന്ദി തത്ക്കാൽ ടിക്കറ്റ് എടുത്തു തന്ന സുഹൃത്തിനു സമർപ്പിക്കട്ടെ (തത്കാൽ എടുക്കാൻ നേരം എന്റെ ഫോണിന് അതുവരെയുമില്ലാത്ത അസുഖമാണ്, പിന്നെ കുറച്ച് നേരത്തേക്ക് ഫോൺ തനിഷ്ടത്തോടെ പ്രവർത്തിക്കും, എന്തരാണോ എന്തോ? ) 


വർക്കിംഗ്‌ ഡേയുടെ തിരക്ക് നിരത്തിൽ ഉണ്ടായിരുന്നെങ്കിലും എങ്ങനെയോ സമയത്തിന് സ്റ്റേഷനിൽ എത്തി, S6/35/UB enna സീറ്റും തപ്പി ഒടുവിൽ അവിടെ എത്തി... സീറ്റിൽ അപ്പോഴേക്കും ബാക്കിയുള്ളവർ എത്തിയിരുന്നു, ഇനി ഒരു 26-27 മണിക്കൂർ ഇവരാണ് തന്റെ കൂട്ട്... ഭാഗ്യം അവിടെ ഉള്ളവരൊക്കെ മലയാളികൾ തന്നെ, എല്ലാവരും നാട്ടിലേക്കും... കൂട്ടത്തിൽ ഒരു ചെറുപ്പക്കാരൻ പയ്യൻ, കോഴിക്കോട്ടേക്ക്... വൃദ്ധ ദമ്പതികൾ, ആലുവയിലേക്ക്... പിന്നെ തിരുവനന്തപുരത്തേക്ക് ഒരു ബിസിനസ്സുകാരനും... അങ്ങനെ വൈകാതെ തന്നെ യാത്ര തുടങ്ങി... ചെറിയൊരു മഴയുടെ ലക്ഷണം ആകാശത്തുണ്ടായിരുന്നത് കൊണ്ട് കാഴ്ച്ചയും കണ്ട് പകൽ സമയം അങ്ങ് പോയി... അതിനിടയിൽ എല്ലാവരും കൊറച്ചു നേരം സംസാരിച്ചു, ഉച്ചക്ക് കഴിക്കാനായി കൊണ്ടു വന്ന ഭക്ഷണം പങ്കു വച്ചു, അങ്ങനെ പെട്ടെന്ന് തന്നെ ആ ഭാഗത്ത്‌ ഒരു സൗഹൃദാന്തരീക്ഷം തന്നെ ഞങ്ങളുണ്ടാക്കി... ഒടുവിൽ നേരം ഇരുട്ടി, എല്ലാവരും ചെറിയ തോതിൽ ഭക്ഷണവും കഴിച്ച് തങ്ങളുടെ ലോകത്ത് മടങ്ങി, തന്റെ assignment വർക്കുകൾ തീർക്കാൻ ഞാനും ബിസിനസ്‌ കാര്യങ്ങൾക്കായി ബിസിനസുക്കാരൻ ചേട്ടനും ലാപ്ടോപ്പിൽ മുഴുകി, ആ ദമ്പതികൾ ആകട്ടെ വാഷ്റൂമിൽ പോയതുമായിരുന്നു.... 

പെട്ടെന്നാണ് ഞങ്ങളുടെ മുകളിലെ ലൈറ്റ് ഓഫ്‌ ആയത്... ആകെ ഇരുട്ട്.... അപ്പുറത്തും ഇപ്പുറത്തും നോക്കി... അവിടെയെല്ലാം ലൈറ്റ് ഉണ്ട്... മൊബൈൽ എടുത്ത് ഫ്ലാഷ് ലൈറ്റ് ഓൺ ചെയ്തപ്പോൾ ദേ നമ്മുടെ ചെറുപ്പക്കാരൻ മിഡിൽ ബെർത്തും റെഡിയാക്കി കെടന്നിരിക്കുന്നു... സമയം 8 മണി കഴിഞ്ഞതേയുള്ളൂ... ഇതെന്ത് മറിമായം? അപ്പോഴേക്കും ആ മുത്തശ്ശനും ഭാര്യയും കൂടി അവിടേക്ക് എത്തി...

"എന്താ മക്കളെ സംഭവം, എന്താ ലൈറ്റ് പോയത്? കംപ്ലയിന്റ് വല്ലതും ആണോ?" അദ്ദേഹം ചോദിച്ചു. ഞങ്ങൾ എല്ലാവരും ചെറുപ്പക്കാരനെ നോക്കി, ആൾ ഒന്നും അറിയാതെ ഇയർഫോണും വച്ച് മൊബൈൽ നോക്കി ഇരിപ്പാണ്...

ഞാൻ താഴെയിറങ്ങി ലൈറ്റ് ഓൺ ചെയ്‌തു... വേഗം അവൻ മൊബൈൽ മാറ്റി ഞങ്ങളെയെല്ലാം രൂക്ഷമായൊന്ന് നോക്കി... 

"ആരാ ലൈറ്റ് ഇട്ടേ , ഇവിടെ മൻഷൻ ഒറങ്ങണത് കണ്ടൂടെ?" 

"അല്ല മോനെ, സമയം ഇത്രയല്ലേ ആയുള്ളൂ, റെയിൽവേ നിയമപ്രകാരം 10-5 അല്ലേ ലൈറ്റ് ഓഫ്‌ ടൈം?" ഗവണ്മെന്റ് സർവീസിലായിരിക്കുമ്പോൾ ഒരുപാട് യാത്ര ചെയ്തതിന്റെ അനുഭവത്തിൽ ആ വൃദ്ധൻ ഓർത്തെടുത്തു. "അതിന്? ഇന്ക്ക് ഇപ്പൊ ഒറങ്ങണം, ഞാനും പൈസ കൊടുത്തേനെ ടിക്കറ്റ് എടുത്തത്, ഇങ്ങളെ ഇഷ്ട്ടം ഒന്നും ഇന്ക്ക് നോക്കാൻ പറ്റൂല്ല " അവൻ കയർത്തു ചാടി... ഞങ്ങളാകെ ഞെട്ടി പോയി... രാവിലെ മുതൽ അയ്യോ പാവം ആയിരുന്ന മനുഷ്യനാണ് ഇങ്ങനെ ബഹളം ഉണ്ടാക്കുന്നത്, അതും ഒരു ന്യായവുമില്ലാത്ത കാര്യത്തിന്...

പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു... ആകെ വഴക്കും ബഹളവും.. അവൻ ബെർത്തിൽ നിന്നും ചാടിയിറങ്ങി ഞങ്ങൾക്ക് നേരെ കുതിച്ചു... 

"ഇവനെന്തെടാ ഭ്രാന്തോ???"

ഭാഷാ ഭേദമില്ലാതെ കോച്ചിലെ ബാക്കി എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു... അവൻ ഒരുവിധത്തിലും തണുക്കുന്ന ലക്ഷണമില്ല... കൂട്ടത്തിൽ ഒരു റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു, അദ്ദേഹം വന്ന് അവനെ നിയമം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു... നിയമപ്രകാരം അവൻ തന്റെ ബെർത്ത്‌ ഉപയോഗിക്കാനുള്ള സമയം അപ്പോഴും ആയിട്ടുണ്ടായിരുന്നില്ല... വൈകുന്നേരത്തിനു ശേഷം പുതുതായി ആൾ കയറാനില്ലാത്തത് കൊണ്ട് TTE ഈ ഭാഗത്തേക്ക്‌ പിന്നെ വന്നിട്ടുമുണ്ടായിരുന്നില്ല...

ഒടുവിൽ ഹിന്ദി അറിയാത്ത ഞാനും കൂടെ വേറെ ഒരു ചേട്ടനും കൂടെ TTE യെ തപ്പിയിറങ്ങി... നമ്മുടെ കൂട്ടത്തിലെ മുത്തശ്ശിക്ക് തന്റെ മരുന്ന് കഴിക്കാൻ പോലും ഈ വഴക്കിനിടയിൽ കഴിഞ്ഞില്ലായിരുന്നു... S8 ൽ TTE ഉണ്ടായിരുന്നു, WL ആയി കയറിയ ആളുടെ ടിക്കറ്റ് convert ചെയ്യാൻ പറ്റുമോ എന്ന് നോക്കി കൊണ്ടിരിക്കുവായിരുന്നു അദ്ദേഹം... അതിനിടയിൽ ഞങ്ങൾ രണ്ടും കൂടെ കാര്യം പറഞ്ഞു, ഇത് കഴിഞ്ഞ് ഉടനെ വരാമെന്ന് പറഞ്ഞ് ഞങ്ങളുടെ സീറ്റ്‌ നമ്പർ വാങ്ങി തിരിച്ചയച്ചു... 5 മിനിറ്റിനുള്ളിൽ TTE സ്ഥലത്തെത്തി.... 

സമയം 9:50 pm 

കാര്യം അദ്ദേഹത്തെ ബോധിപ്പിച്ചു... ആൾ ഒരു സൗമ്യനായത് കൊണ്ടാണോ അറിയില്ല, വഴക്കൊന്നും വേണ്ട എന്തായാലും ഇനി 10 മിനുട്ട് കൂടെ കഴിഞ്ഞാൽ മെയിൻ ലൈറ്റ് തന്നെ ഓഫ്‌ ചെയ്യുമല്ലോ, അതുവരെ ഒന്ന് ക്ഷമിക്കൂ എന്ന് പറഞ്ഞ് രംഗം ശാന്തമാക്കി... കൂടി നിന്നവർ അവരുടെ സ്ഥലത്തേക്ക് തിരിച്ച് പോയി... അമർഷം സഹിക്കാത്തത് കൊണ്ട് ഞാൻ കുറച്ച് നേരം വാതിലിനരികിലേക്ക് മാറി പുറത്തെ രാത്രിയുടെ സൗന്ദര്യം വീക്ഷിച്ചു...

എന്തൊക്കെ കോളിളക്കം നടന്നുവെങ്കിലെന്താ, പുറത്തെ ഈ ഇരുട്ടും, തണുത്ത കാറ്റും, അതിനിടയിൽ വെളിച്ചം വരുമ്പോൾ തെളിഞ്ഞു വരുന്ന കൊങ്കൻറൂട്ടിലെ വനസമൃധിയും എന്നെ തണുപ്പിച്ചു... അൽപ്പനേരം കൂടെ അവിടെ ചെലവഴിച്ച ശേഷം ഞാനും ഉറങ്ങാൻ തിരിച്ചു... അപ്പർ ബെർത്ത്‌ ആയതു കൊണ്ടും രണ്ടു ദിവസമായി വരവുവച്ച ഉറക്കം ബാക്കിയുള്ളത് കൊണ്ടും ഞാൻ എഴുന്നേറ്റപ്പോൾ 7 മണിയോടടുത്തു... പല്ലു തേച്ചു വന്ന് പുറത്തെ കാഴ്ച്ചയും കണ്ട് ഒരു ചായവാലയുടെ കയ്യിൽ നിന്നും ചായയും വാങ്ങി ഊതി കുടിച്ചു കൊണ്ട് പതിയെ ബെർത്തിന്റെ അവിടേക്ക് വന്നു... അപ്പോഴേക്കും സ്ലീപ്പർ ടിക്കറ്റ്‌ എടുത്ത് കയറുന്ന പാസ്സഞ്ചേഴ്സ് അവിടിവിടായി സ്ഥലം പിടിച്ചു തുടങ്ങി... അങ്ങനെ 8 മണി കഴിഞ്ഞു, ട്രെയിൻ മൂന്നുമണിക്കൂർ ലേറ്റ് ആണ്, സ്വാഭാവികം... മംഗളുരു എത്തിയതേയുള്ളൂ... അവിടെ ട്രെയിൻ നിർത്തിയപ്പോൾ ഒരു വിൽപ്പനക്കാരനിൽ നിന്നും വടയും ചട്ടിണിയും വാങ്ങി കഴിച്ച് തിരിച്ച് സീറ്റിലേക്ക് നടന്നു...

ദേ ഇവിടെ മാത്രം എന്താ ഇങ്ങനെ? ഇന്നലെത്തെ കക്ഷി ഇതുവരെയും തന്റെ ബെർത്ത്‌ നിവർത്തിയിട്ടില്ല, ആൾ ഇപ്പോഴും നിവർന്നു കിടക്കുന്നു... ബാക്കി വന്നവരെല്ലാം കൂടെ മറ്റു സീറ്റുകളിലായി കഷ്ട്ടിച്ചാ ഇരിക്കുന്നത്. ഞാൻ വേഗം വന്ന് അവനെ തട്ടി വിളിച്ചു : "ഹലോ, എണീക്കുന്നില്ലേ? ബെർത്ത്‌ ഇനി നമ്മൾക്ക് യൂസ് ചെയ്യാൻ പറ്റില്ല, പകൽ സമയം ആണ്, ആളുകൾ കയറുന്നുണ്ട്, വേഗം ആവട്ടെ " അവൻ ഒരു ആലസ്യത്തിൽ മറുപടി പറഞ്ഞു : "ന്റെ ബെർത്ത്‌ ഇന്ക്ക് കെടക്കാനാണ്, ഞാൻ തോന്നുമ്പോ എണീക്കും ഇങ്ങ്ൾക്ക് ന്താ?" 

അവൻ രാവിലെ തന്നെ ഉടക്കിലാണ്... "ഇന്നലെ വൈകുന്നേരം വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ, ഇയാൾക്ക് എന്ത് പറ്റി? വല്ല കുഴപ്പവുമുള്ളയാളാണോ?" 

"ഹാ അവനു നല്ല തല്ല് കിട്ടാത്തതിന്റെ സൂക്കേടാ" മറുപടി വേഗം വന്നു, നോക്കിയപ്പോൾ ബിസ്സിനസ്സുക്കാരനാണ്, ജോലി സംബന്ധമായ ഫോൺ കാൾ കഴിഞ്ഞുള്ള വരവാണ്...

ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ, ഞാൻ വീണ്ടും നടക്കാൻ തുടങ്ങി, ഭാഗ്യത്തിന് ഇപ്പോഴുള്ള TTE മലയാളിയാണ്... ആളെ കാര്യം ബോധിപ്പിച്ചു...

പുള്ളി വന്നു, അവനെ എണീപ്പിച്ചു... ആദ്യമൊന്നും വഴങ്ങിയില്ലായെങ്കിലും മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന് കേസ് എടുക്കും എന്ന് പറഞ്ഞതോടെ അവൻ അടങ്ങി... അങ്ങനെ ബാക്കിയുള്ളവർക്ക് വീണ്ടും സീറ്റ്‌ കിട്ടി...

ആരോടൊക്കെയോ ഉള്ള ദേഷ്യം കൊണ്ട് അവൻ ഞങ്ങളെ നോക്കി പിറുപിറുത്ത് ബാഗുമെടുത്ത് കോച്ചിലൂടെ ദൂരേക്ക് നടന്നു... 


അങ്ങനെ ഒരു രാത്രിക്ക് ശേഷം ഞങ്ങളുടെ സീറ്റിൽ വീണ്ടും ചിരിയും തമാശയും മടങ്ങി വന്നു... ട്രെയിൻ കോഴിക്കോടെത്തി. ഞങ്ങൾ വാതിലിനവിടെ ചെന്ന് പുറത്തേക്ക് നോക്കി... കക്ഷിയെ കാണാനൊന്നും ഇല്ലല്ലോ... കുറച്ച് കഴിഞ്ഞപ്പോൾ അതാ അവിടെ ആരൊക്കെയോ തമ്മിൽ ഒരു ഉന്തും തള്ളും... എന്താ സംഭവം എന്ന് അറിയാൻ ഞങ്ങൾ ഇറങ്ങാൻ നോക്കിയപ്പോഴേക്കും ട്രെയിൻ ചൂളം വിളിച്ചു, തിരിച്ച് കോച്ചിൽ കയറി... അവിടെ നിന്നും ഓടിവന്നു കയറിയ പയ്യൻമാർ പറയുന്നത് കേട്ടു : "ഏതോ ഒരുത്തൻ അവിടെ വള്ളി പിടിക്കുവാണല്ലോ, ഇവിടെ ഇറങ്ങിയതാ തോന്നുന്നു, മുംബൈ നിന്ന് കേറിയതാത്രേ..." അവർ പറഞ്ഞ മറ്റു ലക്ഷണങ്ങളിൽ നിന്നും ഞങ്ങൾക്ക് കാര്യം ഏറക്കുറെ വ്യക്തമായി... 

അവന്റെ കഥയും ലീലാവിലാസവും കേട്ടിരുന്ന ഒരു മുത്തശ്ശി പറഞ്ഞു,

: "ഇത് വല്ലാത്തൊരു അവതാരം തന്നെ"

.........


Nb: ഇതിലേ കഥ ഭാവന മാത്രമാണ്, എന്നാൽ ഒരിക്കൽ വേറെയൊരു അവസരത്തിൽ നടന്ന യഥാർത്ഥ സംഭവത്തെയാണ് ഇവിടെ മറ്റൊരു രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്... അതിനാൽ സാങ്കേതികമായ പിഴവുകൾ വായനക്കാർ ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു... എന്നിരിക്കിലും നിത്യജീവിതത്തിൽ കണ്ടു മറന്ന, കേട്ടു മറന്ന വ്യക്തികളുമായി ഈ കഥക്ക് എന്തെങ്കിലും ബന്ധം തോന്നിയാൽ അത് മനപൂർവ്വമാണോ എന്ന് സംശയിക്കുന്നവരെ നിരുത്സാഹപ്പെടുത്തുന്നില്ല. 

No comments:

Post a Comment

ഓർമ്മപ്പെടുത്തൽ

 ഇരുപതു വയസ്സ്‌ കഴിഞ്ഞ 'മുതിർന്ന കുട്ടികളെ', ഇത് നിങ്ങളോടാണ്.... പ്രായത്തിന്റെ അളവുസൂചികയിൽ ഉത്തരവാദിത്തങ്ങളും ചുമതലകളും തനിയെ വന്നു...