Thursday, July 25, 2024

എന്റെ മുറ്റത്തെ നന്മ മരം

 എന്റെ മുറ്റത്തെ നന്മ മരം 



ഒരുപാട് കാലങ്ങൾക്ക് ശേഷം മഴയുള്ള ഒരു പകലിൽ , ചുമ്മാതിരിക്കുമ്പോളാണ് കമൽ സംവിധാനം ചെയ്ത രാപ്പകൽ എന്ന സിനിമ കാണുന്നത് , പണ്ട് കുട്ടിയാവുമ്പോ ഈ സിനിമയുടെ ക്ലൈമാക്സ്‌ കണ്ട് കണ്ണ് നിറഞ്ഞതിന്റെ ചെറിയൊരു ഓർമ്മ മനസ്സിൽ ഉണ്ടെങ്കിലും ഇത്തവണ ഈ ചിത്രം ശരിക്കും വല്ലാത്തൊരു വേദന സമ്മാനിച്ചു ...


നൊസ്റ്റാൾജിയ അൽപ്പം കൂടുതൽ ആയത് കൊണ്ടും ഫീൽഗുഡ് മൂവീസ് ഒരു weakness ആയത് കൊണ്ടും ഈ സിനിമ എന്നെ ആകർഷിക്കും എന്നതിൽ സംശയമൊന്നും വേണ്ടല്ലോ , പക്ഷെ ഇത്തവണ ഈശ്വരമംഗലത്തെ കൃഷ്ണൻ വല്ലാത്തൊരു വേദനയായി ... അങ്ങനെ ഒരാൾ ചുറ്റിലുമെവിടെയോ ഉള്ളതുപോലെ ... മാളു എഴുതിയ നോവലിന്റെ പേര് പോലെ അയാൾ ആ മുറ്റത്തെ ഒരു നന്മമരം ആയിരുന്നു ...



ആളും ആരവവുമൊഴിഞ്ഞ ആ വലിയ വീട്ടിലെ ശബ്ദമായിരുന്നു കൃഷ്ണൻ , കുട്ടിയാവുമ്പോളെ എടുത്ത് കൊണ്ടു വന്നു വളർത്തിയതിനാൽ അയാൾ അവിടെത്തെ അമ്മക്ക് തന്റെ മക്കളിൽ ഒരാൾ തന്നെ ആയിരുന്നല്ലോ , ആ വീടിന്റെയും കുടുംബത്തിന്റെയും ഏത് കാര്യത്തിനും ഓടിനടക്കുന്ന കൃഷ്ണൻ , കാര്യസ്ഥനും തമ്പുരാനും പണിക്കാരനും കണക്കപിള്ളയുമെല്ലാമായി അയാൾ ഈശ്വരമംഗലത്തു അങ്ങനെ നിറഞ്ഞു നിൽക്കുവാണല്ലോ , ദേവേട്ടന്റെ കൃഷ്ണനായി , മാളുവിന്റെ കൃഷ്ണേട്ടനായി അയാൾ ഉണ്ടായിരുന്നു , അയാളെ ഒരു പണിക്കാരനായി മാത്രം കണ്ട , കുറ്റം മാത്രം പറഞ്ഞവരോട് പോലും എതിർത്തു പറയാതെ വിധേയനായി നിന്ന അയാൾ പക്ഷെ കഥാന്ത്യത്തിൽ , ഗതികെട്ടപ്പോൾ തിരിച്ച് കയുയർത്തി എതിർക്കുന്നുണ്ട്... തെറ്റിനു മുതിർന്നവരെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ട്... തന്റെ അമ്മയെ ഒരു രാത്രിപോലും നോക്കാൻ നിന്നെ കൊണ്ടൊന്നും ആവില്ലല്ലോ എന്ന് പറഞ്ഞു വിലപിക്കുന്നതും കൃഷ്ണൻ... ആ വലിയ വീട് പൊളിക്കാനൊരുങ്ങുന്നത് ഏറ്റവും അവസാനമറിയുന്നതും കൃഷ്ണൻ തന്നെ , തന്റെ ലോകം തനിക്ക് നഷ്ടമാവുന്നത് അയാൾക്ക് മാത്രമല്ല അയാളെ പോലെ ഒരു ഗ്രാമീണ ജീവിതവും ഗൃഹതുരതയും ഇഷ്ടപ്പെട്ടവർക്കാർക്കും സഹിക്കാനാവില്ലല്ലോ... തരം കിട്ടുമ്പോളെല്ലാം "എടീ പോത്തേ" എന്നും വിളിച്ചു ഗൗരിയെ കളിയാക്കിയ കൃഷ്ണൻ പക്ഷെ വേദനയിൽ അവൾക്ക് തുണയായെത്തി ... കുട്ടികൾക്ക് മുമ്പിൽ തമാശകൾ പറഞ്ഞും കളിച്ചും ചിരിച്ചും , അടുക്കളയിലെ മേൽനോട്ടം വഹിച്ചും , മുതിർന്നവർക്ക് വേണ്ടതൊക്കെ ചെയ്തു കൊടുത്തും അയാൾ അവിടെയാകെ ഓടി നടന്നു... ഒടുവിൽ രാത്രിയേറെ വൈകിയിട്ടും ഒരു വടിയും ടോർച്ചുമായി ആ വലിയ കുടുംബത്തിന്റെ കാവലായി ആ മുറ്റത്ത് ഒരു വിളിപ്പാടകലെ കൃഷ്ണൻ ഉണ്ടായിരുന്നു... കുടുംബ ഫോട്ടോ എടുക്കാൻ നേരം വലിയേട്ടൻ അയാളെ മാറ്റി നിർത്തുന്ന രംഗം കണ്ട് കണ്ണ് നനഞ്ഞവരാണല്ലോ നമ്മൾ മലയാളികൾ... ഒരിക്കലും ആ രംഗത്തിൽ ഒന്നും, എന്തിനു ഈ ചിത്രത്തിൽ എവിടെയും മമ്മൂട്ടി എന്ന അഭിനയേതാവിനെ നമ്മൾ കണ്ടില്ല... മറിച്ച് കൃഷ്ണനായി ജീവിക്കുകയാണ് മലയാളത്തിന്റെ മഹാനടൻ...


പേരുപറഞ്ഞ പോലെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോവുന്ന മുറ്റത്തെ നന്മമരത്തെ കുറിച്ച് പറയാതെ ഇത് അവസാനിപ്പിക്കാനാവില്ല... നിങ്ങൾ കണ്ടിട്ടുണ്ടോ കൃഷ്ണനെ പോലുള്ളവരെ ? നിങ്ങളിൽ ഒരാളാണോ കൃഷ്ണൻ ? യാതൊന്നും തിരിച്ച് പ്രതീക്ഷിക്കാതെ, ചുറ്റുമുള്ളവരെയെല്ലാം സ്നേഹിക്കാൻ മാത്രം പഠിച്ച, സ്നേഹിക്കുന്നവർക്കെല്ലാം എന്നും കൂട്ടായി നിന്ന, ഒരു കുടുംബത്തെ മുഴുവൻ ഓർമ്മവച്ച കാലം മുതൽ തന്റെ കൈവെള്ളയിൽ എന്നപോലെ കരുതിപോന്ന ആ ഒരാൾ... സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരാൾ... അങ്ങനെയുള്ളവർ പലപ്പോഴും ആരാലും ശ്രദ്ധിക്കപ്പെടാതെ പോവാം, അവരുടെ സാന്നിധ്യം പലപ്പോഴും നാം കണ്ടില്ലെന്ന് നടിച്ചേക്കാം, എന്നാൽ ചില നേരങ്ങളിൽ,ഒറ്റക്കായി എന്ന് തോന്നുമ്പോൾ അവർ മാത്രമേ വിളിച്ചാൽ ഓടിയെത്താനുണ്ടാവൂ... വീട്ടിൽ എല്ലാവരാലും പരിഹസിക്കപ്പെടുമ്പോഴും മാളുവിന് ഓടിയെത്താൻ, മാളുവിന്റെ കഥകൾ കേൾക്കാൻ കൃഷ്‌നുണ്ടായപോലെ അവർ നമ്മളെ കേട്ടിരിക്കും, ആശ്വസിപ്പിക്കും, ചിരി പകരും... അങ്ങനെയും ചില മനുഷ്യരെ കണ്ടെത്താനാവട്ടെ ഈ ചെറിയ ജീവിതത്തിൽ... ചേർത്തു നിർത്താനാവട്ടെ... ജീവിതയാത്രയിൽ ഓടിയോടി കുഴങ്ങുമ്പോൾ, ഒരു തണലാവാൻ, ഒന്നു തലചായ്ച്ചുറങ്ങാൻ, മഴയും വെയിലും നനയാതെ കാക്കാൻ ഒരു നന്മമരം ഉള്ളതിൽ തെറ്റില്ലല്ലോ....








ഓർമ്മപ്പെടുത്തൽ

 ഇരുപതു വയസ്സ്‌ കഴിഞ്ഞ 'മുതിർന്ന കുട്ടികളെ', ഇത് നിങ്ങളോടാണ്.... പ്രായത്തിന്റെ അളവുസൂചികയിൽ ഉത്തരവാദിത്തങ്ങളും ചുമതലകളും തനിയെ വന്നു...