ചില മനുഷ്യർ
ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ടത് എന്ന് തോന്നുന്ന ചില മനുഷ്യരുണ്ട്. പലവിധ സാഹചര്യങ്ങളാൽ വേദനിച്ചിരിക്കുമ്പോൾ, തളർന്നു പോവുമ്പോൾ കൂട്ടായി ഓടിയെത്തുന്നവർ, ചാഞ്ഞുകിടക്കാൻ തോൾതരുന്നവർ, ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുന്നവർ... അവർക്ക് ഒരു പ്രത്യേകത തോന്നിയിട്ടുണ്ട്, മറ്റൊന്നുമല്ല നമ്മുടെ സന്തോഷത്തിലും നേട്ടങ്ങളിലും നമ്മളെക്കാൾ അവർ ആഹ്ലാദിക്കുന്നു... നമ്മുടെ വേദന സ്വന്തമെന്ന പോലെ അവരിലും വേദനയുണ്ടാക്കുന്നു. പ്രതിസന്ധികളിൽ മുങ്ങി താഴുമ്പോൾ ഒരു കൈ നീട്ടി അവർ നമ്മെ പിടിച്ചു കയറ്റുന്നു, പ്രശ്നങ്ങളുടെ ആഴകടലിൽ അതിജീവനത്തിന്റെ ദ്വീപായി മാറുന്നു, അങ്ങനെ ഒരിക്കലും തോറ്റുപോവരുതെന്ന് നിരന്തരം ഓർമ്മപെടുത്തുന്ന പ്രിയ മനുഷ്യരെ നിങ്ങളോടാണ്, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, ഇരുൾ വീണ ഭൂതകാലത്തെ തട്ടിയകറ്റി പ്രതീക്ഷയുടെ വെളിവെളിച്ചം ജീവിതത്തിൽ തെളിയിച്ച്, ഭാവിയെ സ്വപ്നം കാണാൻ പ്രേരിപ്പിച്ച പ്രിയ മനുഷ്യരെ നിങ്ങൾ എത്രയോ ഉയരങ്ങളിലാണ്, നിങ്ങൾ കൂടെ ചേരുമ്പോഴാണ് ഈ ജീവിതയാത്രക്ക് അർത്ഥം കൈവരുന്നത്. ഇനിയൊരു ആഗ്രഹം കൂടെ, പലവഴികൾ തേടുന്ന പറവകൾ പോലെ ജീവിത വിഹായസ്സിൽ നാം പറന്നകലേണ്ടി വന്നാലും ഒടുവിൽ ഒരു ദിനം, ഒരു സായാഹ്നത്തിലെന്ന പോലെ വീണ്ടും ഒത്തുചേരുവാൻ നമുക്കാവട്ടെ... അന്ന് പങ്കുവക്കുവാൻ നല്ല ഓർമ്മകൾ കൂടെയുണ്ടാവട്ടെ...ജീവിതത്തിലെ വസന്തകാലമെന്ന് കലാലയ ജീവിതത്തെ വിശേഷിപ്പിക്കുന്നത് കേവലം ആലങ്കാരികമായി മാത്രമല്ല മറിച്ച്, അതൊരു യാഥാർഥ്യമാണെന്ന് പഠിപ്പിച്ചുതന്ന പ്രിയമനുഷ്യരെ,
നിങ്ങളോടാണ്,
സൗഹൃദമെന്നാൽ സാഹോദര്യം പോൽ ആഴമുള്ളതാണെന്നും,ഉറപ്പുള്ളതാവണമെന്നും കാണിച്ചുതന്നവരാണ് എന്റെ പ്രിയപ്പെട്ടവർ... കൗമാരന്ത്യത്തിൽ പരിചയപ്പെട്ട് യൗവനാരമ്പത്തിൽ തമ്മിൽ പിരിയുന്നതിനിടയിൽ നമ്മൾ നെയ്തെടുത്തതെല്ലാം ഒരായുഷ്കാലത്തേക്കുള്ള ഓർമകളാണെന്ന് തിരിഞ്ഞു നോക്കുമ്പോൾ മനസിലാവുന്നു,അതുകൊണ്ടാവാം ഒരു ചലച്ചിത്രമെന്നപോലെ ആ നിമിഷങ്ങളോരൊന്നും മനസ്സിന്റെ അകക്കാമ്പിൽ ശേഖരിക്കപ്പെട്ടതും... അതിനിടയിൽ ആർത്തുല്ലസിച്ച,കളി ചിരികൾ പങ്കുവച്ച എത്രയോ വൈകുന്നേരങ്ങൾ... ഭക്ഷണം പങ്കുവച്ചും കഥകൾ പറഞ്ഞും ചിലവഴിച്ച ഉച്ചനേരങ്ങൾ... ക്ലാസ്സിനിടയിലും ശേഷവും പറഞ്ഞു തീർത്ത എത്രയോ കഥകൾ, എഴുതി വച്ച എത്രയോ പാട്ടുകൾ...പ്രതിസന്ധികൾക്കിടയിലും ഒറ്റപ്പെട്ടുപോവാതെ പരസ്പരം കൈകൾ കോർത്ത നിമിഷങ്ങൾ... അങ്ങനെയങ്ങനെ ജീവിതമെന്ന പുസ്തകം പുതിയ താളുകളിലേക്ക് മറിക്കപ്പെടുമ്പോഴും മായ്ക്കപ്പെടാതെ, കൂടുതൽ ഭംഗിയോടെ എഴുതിച്ചേർത്ത സുന്ദരമായ ആ വാക്കുകൾ...
"എന്റെ പ്രിയപ്പെട്ട മനുഷ്യർ"
അതെ ഇത് നിങ്ങളെ കുറിച്ചാണ്, നിങ്ങളിലൂടെ നോക്കി കണ്ട നല്ല നേരത്തെ കുറിച്ചാണ്, അനുഭവിച്ചറിഞ്ഞ നല്ല ജീവിതമാണ്...