ഒരു തെരഞ്ഞെടുപ്പ് മാമാങ്കത്തിനു കൂടി തിരശീല വീണിരിക്കുന്നു..... കോളേജ് ജീവിതത്തിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന ദിനങ്ങളാണ് കഴിഞ്ഞുപോയിരിക്കുന്നത്.... ക്ലാസ്സ്‌മേറ്റ്സ്റ്റിലും മെക്സിക്കൻ അപാരതയിലും കണ്ടിട്ടുള്ള തെരഞ്ഞെടുപ്പാവേശം നേരിട്ടനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ.... തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ കോളേജിന്റെ vibe തന്നെ മാറുകയായിരുന്നു.... ഇടനാഴികളും നടവഴികളും ചെറിയ ചെറിയ ആൾക്കൂട്ടത്താൽ നിറഞ്ഞു....സ്ഥാനാർഥി പ്രഖ്യാപനത്തോടെ ആവേശം കൊടുമുടി കേറുന്ന കാഴ്ചയാണുണ്ടായത്.... ഓരോ സംഘടനകളും ഏറ്റവും യോഗ്യരായ സ്ഥാനാർഥികളെ അവതരിപ്പിച്ച് വാശിയേറിയ പോരാട്ടത്തിനുള്ള വഴിയൊരുക്കി....ചുവപ്പും വെള്ളയും നീലയും പച്ചയും ഓറഞ്ചും നിറത്തിലുള്ള തോരണങ്ങൾ കലാലയ വീഥികൾ അലങ്കരിച്ചു.... വിവിധ നിറത്തിലുള്ള കൊടികൾ നമ്മെ വരവേറ്റു.... പ്രവേശനകവാടം മുതൽ ഓരോ സ്ഥാനാർഥിയും കക്ഷികളും തങ്ങളുടെ പ്രിയ വോട്ടർമാരെ കണ്ടു സ്നേഹഭിവാദ്യം നടത്തി, വോട്ട് ചോദിച്ചു.... വീണ്ടും വീണ്ടും ആ വോട്ട് തങ്ങൾക്കു തന്നെ എന്ന് ഉറപ്പ് വരുത്തി.... ക്യാമ്പയിനിങ്ങുമായി നേതാക്കളും സഹപ്രവർത്തകരും ക്ലാസുകൾ കയറിയിറങ്ങി.... സ്വന്തം സ്വപ്നങ്ങൾ അവരുമായി പങ്കുവച്ചു....രാഷ്ട്രീയം സംസാരിച്ചു.... അവരൊന്നിച്ചു പാട്ടുകൾ പാടി, നൃത്തം ചവിട്ടി.... യൂണിറ്റുമുറികൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയായിരിന്നു.... എന്നും ആളും തിരക്കും, അതിനിടയിൽ സൗഹൃദത്തിന്റെ കളി ചിരികളും....രാഷ്ട്രീയമുള്ളവരും ഇല്ലാത്തവരും ഈ ദിവസങ്ങളിൽ തങ്ങളുടെ തീരുമാനം എടുക്കാനുള്ള തയാറെടുപ്പിലായിരുന്നു.... ചുവരെഴുത്തുക്കൾ, ഫ്ലെക്സ്ബോർഡുകൾ തുടങ്ങി ഓരോ മുക്കും മൂലയും തെരഞ്ഞെടുപ്പിന്റെ ആവേശപരകോടിയിലെത്തി.... Meet the Candidate ലൂടെ ഓരോ സ്ഥാനാർഥിയും തന്റെ വാഗ്ദാനങ്ങൾ കൂട്ടുകാരോട് പങ്കുവച്ചു.... ഒടുവിൽ കൊട്ടിക്കലാശമായിരുന്നു.... കോളേജ് ഒന്നടങ്കം പ്രകമ്പനം കൊണ്ടു...ആവേശംകൊണ്ട് ഓരോ ചുണ്ടുകളും മുദ്രവാക്യം മുഴക്കി....പതാകകൾ വാനിലുയർന്നു പറന്നു.... ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ......
വാട്സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും സ്റ്റാറ്റസും സ്റ്റോറിയും നിറഞ്ഞു.... വിളിച്ചും മെസ്സേജ് അയച്ചും ഓരോരുത്തരും വോട്ട് തേടാനുള്ള അവസാന ശ്രമത്തിലായിരുന്നു....
അങ്ങനെ തെരഞ്ഞെടുപ്പ് ദിവസം വന്നെത്തി... കോളേജ് ഐഡി കാർഡുമായി വോട്ട് ചെയ്യാനായി എല്ലാവരും എത്തികൊണ്ടിരിക്കുന്നു.... സ്ഥാനാർഥികൾ ഓരോ ബൂത്തിലും കയറിയിറങ്ങി തനിക്കുള്ള വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ്.... പ്രവർത്തകരാകട്ടെ ബൂത്തിനു മുന്നിൽ കാവൽ നിന്ന് സ്വന്തം സ്ഥാനാർഥിക്കായി അവസാന നിമിഷവും വോട്ട് ചോദിക്കുന്നു.... വരാത്ത കുട്ടികളെ വിളിച്ചു കൊണ്ടുവന്നു വോട്ട് ചെയ്യിക്കാനായി ഓടി നടക്കുന്നവരെയും കാണാം .... അവസാനത്തെ വോട്ടറും വോട്ട് രേഖപ്പെടുത്തിയിറങ്ങുമ്പോൾ ബൂത്ത് ഏജന്റ് ആയിരുന്നവർ കണക്കുകൾ ശരിയാക്കുന്ന തിരക്കിലേർപ്പെട്ടു.... അതിനിടയിൽ എപ്പോഴോ ഉച്ചഭക്ഷണത്തിനായി സമയം കണ്ടെത്തിയവർ....ഇനി എല്ലാവരുടെയും കണ്ണുകൾ ബാലറ്റുപെട്ടിയിലേക്ക്....യൂണിറ്റ് മുറികൾ കൂട്ടലും കിഴിക്കലും നടത്തി കൊണ്ടിരിക്കുന്നു....ഓരോ മുഖത്തും ടെൻഷൻ പ്രകടമാണ്.... കുട്ടികൾ ഓരോരുത്തരും സൂചനകൾ ആരാഞ്ഞു?? ക്യാമ്പസ് നിശബ്ദമായി കഴിഞ്ഞിരുന്നു.....സിനിമ രംഗങ്ങളെ അനുസ്മരിപ്പിക്കും വിധം ഫലം പ്രഖ്യാപിച്ചപ്പോൾ, മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കി നേതാക്കൾ പുറത്തിറങ്ങി....ഹർഷാരവങ്ങളോടെ,ആർപ്പുവിളികളോടെ തങ്ങളുടെ പുതിയ നേതൃത്വത്തെ ക്യാമ്പസ് വരവേറ്റു.... എതിർച്ചേരിയും തങ്ങളുടെ ശക്തി കാണിച്ചപ്പോൾ രംഗം ഉഷാറായി.... ഒടുവിൽ കോളേജിന്റെ കവാടം കടന്നു പ്രകടനമായി അവർ മുന്നോട്ട് നീങ്ങുമ്പോൾ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്... ഇനിയുള്ള നാളുകളിൽ അവർ തീർക്കാൻ പോകുന്ന വസന്തത്തിനായി....കലയുടെയും കായികരംഗത്തിന്റെയും സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പഠന മികവിന്റെയും കലാലയ നിമിഷങ്ങൾക്കായി.... ആ നല്ല നാളെക്കായി...ഭാഷയുടെയോ വർണത്തിന്റെയോ മതത്തിന്റെയോ വിശ്വസിക്കുന്ന രാഷ്ട്രീയആദർശത്തിന്റെയോ വ്യത്യാസമില്ലാതെ എല്ലാവർക്കും വേണ്ടി, നമ്മുടെ ആവശ്യങ്ങൾക്ക് തുണയായി തോളോടുതോൾ ചേർന്ന് നിന്ന് പ്രവർത്തിക്കാൻ, ക്യാമ്പസ്സിന്റെ ശബ്ദമായി മാറാൻ തിരഞ്ഞെടുക്കപ്പെട്ട ഓരോ യൂണിയനും കഴിയട്ടെ എന്ന് ആശംസിക്കുന്നു....