Tuesday, September 15, 2026

Moments like this...

  "In the air... Sreesanth takes it! India win! They are the World Champions! World Twenty20 Champions!"

"Dhoni finishes off in style! A magnificent strike into the crowd! India lift the World Cup after 28 years! The party’s started in the dressing room, and Mumbai is alive!"


TV യിൽ പലയാവർത്തി കേട്ട രവി ശാസ്ത്രിയുടെ കമന്ററിയാണിത്, എന്നാലും ക്രിക്കറ്റ്‌ കാണാൻ തുടങ്ങിയത് മുതൽ ഇതുവരെയും ഒരു അന്താരാഷ്ട്ര ടൂർണമെന്റിൽ, ഇന്ത്യ കിരീടം ചൂടുന്നത് തത്സമയം കാണാൻ കഴിഞ്ഞിട്ടില്ല... 2011 ൽ ഇന്ത്യ ലോകകിരീടം ചൂടുമ്പോൾ, എന്റെ മനസ്സിൽ ക്രിക്കറ്റ്‌ എന്നാൽ ബൂസ്റ്റിന്റെ പരസ്യത്തിൽ വരുന്ന സച്ചിനും ധോണിയുമായിരുന്നു... തെങ്ങിൻ പട്ടകൊണ്ടുള്ള ബാറ്റും ഐസ്ക്രീം പന്തുമായിരുന്നു നമ്മൾടെ MRF ഉം സ്റ്റിച്ച് ബോളും... ഹാ പിന്നീട് എപ്പോഴോ ഈ കളിയെ ഇഷ്ട്ടമായി, അതിനിടയിൽ ചാമ്പ്യൻസ് ട്രോഫി ഇന്ത്യ നേടിയെങ്കിലും അതും കാണാനുള്ള വഴി അന്നില്ലായിരുന്നു... എന്നാൽ 2015 ലെ ലോകകപ്പ് ഏറെ പ്രാധാനപ്പെട്ടതായിരുന്നു... അന്ന് ഇന്ത്യയുടെ മുഴുവൻ മത്സരവും വിടാതെ കണ്ടിരിക്കും, അതും രണ്ടു ഇനിങ്സുമായി 100 ഓവർ!!! 'മോക്ക' പാടി വന്ന പാകിസ്ഥാനെ വന്ന വഴിയെ ഓടിച്ചുവിട്ടതും ABD യും അംലയും ഡ്യൂപ്ലെസിയുമുള്ള ദഷിണാഫ്രിക്കയെ എറിഞ്ഞു വീഴ്ത്തിയതും ഇന്നും മനസ്സിലുണ്ട്... സ്റ്റാർക്കിന്റെയും ബോൾട്ടിന്റെയും ബൗളിംഗ് കണ്ട് കിളിപോയിരുന്നിട്ടുണ്ട്, സ്റ്റമ്പ് തെറിച്ചു പോവുന്നത് കാണാൻ വേണ്ടി മാത്രം മത്സരശേഷം ഹൈലൈറ്റ്സ് കാണലും പതിവായി... എന്നാൽ ഓസ്ട്രേലിയക്ക് മുമ്പിൽ ഒരിക്കൽ കൂടി നമ്മൾ വീണുപോയപ്പോൾ സങ്കടം പതിയെ വന്നുമൂടി... ഓസ്ട്രേലിയക്ക് മുമ്പിൽ മുട്ടിടിക്കുന്ന പതിവ് നമ്മൾ പിന്നെയും ആവർത്തിച്ചു... എങ്കിലും 2019 ൽ ഇംഗ്ലണ്ടിലേക്ക് ഇന്ത്യ പറന്നപ്പോൾ തിരികെ കൊണ്ടുവരാൻ ആ ലോകകിരീടം കൂടെ ഉണ്ടാവണമെന്ന് ആശിച്ചു... ഗ്രൂപ്പിൽ ഇന്ത്യ കഴിഞ്ഞ ലോകകപ്പിന്റെ അതേ രീതിയിൽ അജയരായി മുന്നേറിയപ്പോൾ ആ സ്വപ്നങ്ങൾക്ക് വീണ്ടും ചിറക് വച്ചു... ക്രിക്കറ്റിന്റെ രാജാവ് നയിക്കുന്ന ഈ പട ഇത്തവണ കിരീടം ചൂടുമെന്ന് ആരോ ഉള്ളിൽ നിന്നും പറയുന്ന പോലെ... ഒടുക്കം സെമി ഫൈനൽ മത്സരമെത്തി... ന്യൂസിലാൻഡാണ് എതിരാളി... പിറ്റേ ദിവസം സ്കൂളിൽ പരീക്ഷയുണ്ടായിട്ടും ടിവി യുടെ മുമ്പിൽ ഇരുന്നു, ലോകകപ്പിനോളം വലുതാണോ ഒരു പരീക്ഷ? അങ്ങനെ മത്സരം തുടങ്ങിയതും പലതും കൈവിട്ട് പോവുന്നത് പോലെ തോന്നി, ഇന്ത്യയുടെ മറുപടി ബാറ്റിംഗിൽ ടൂർണമെന്റിൽ ഇതുവരെ കാണാത്ത വിധം നമ്മുടെ മുൻനിര തകർന്നിരിക്കുന്നു... എങ്കിലും ധോണി ക്രീസിലുണ്ടല്ലോ എന്ന് മനസ്സ് ആശ്വസിച്ചു, കൂട്ടിന് ജഡേജയും... എന്നാൽ വിക്കറ്റിനു മുന്നിലും പിന്നിലും തന്റെ വേഗത കൊണ്ട് ഏറെ ഞെട്ടിച്ചിട്ടുള്ള ആ റാഞ്ചിക്കാരന് അന്ന് തന്റെ ലക്ഷ്യം പൂർത്തിയാക്കാനായില്ല... ഗുപ്റ്റിലിന്റെ ഡയറക്റ്റ് ഹിറ്റിൽ അയാൾ റൺ ഔട്ട്‌ ആയി മടങ്ങുമ്പോൾ ടിവി യുടെ മുമ്പിൽ നിന്നും ദേഷ്യവും സങ്കടവും അടക്കി പിടിച്ചു എഴുന്നേറ്റു... ...പിന്നീട് ഒരു കുട്ടിയെ പോലെ കരഞ്ഞു... ആ രംഗങ്ങൾ ഇന്ന് കാണുമ്പോഴും ഉള്ളിൽ ഒരു വിങ്ങലാണ്, ജനലിൽ മുഖമമ്മർത്തി കരയുന്ന രോഹിത്തിന്റെ ദൃശ്യം ഇന്നും മായാതെ മനസ്സിലുണ്ട്... അത്രമേൽ ആഗ്രഹിച്ച ഒന്നിനെ നേടാൻ പറ്റാതെ പോയതുകൊണ്ടാവാം...


പിന്നീട് തെരക്കുകൾ ജീവിതത്തിലേക്ക് കടന്നു വന്നപ്പോൾ മത്സരങ്ങൾ കാണുന്നതും പതിയെ കുറഞ്ഞു... അതിനിടയിൽ പ്രിയപ്പെട്ട, തന്റെ ബാല്യത്തെ ഹരം കൊള്ളിച്ച പലരും കളിജീവിതം മതിയാക്കിയതും ഈയൊരു വിരക്തിക്ക് കാരണമായി എന്ന് പറയാം... എങ്കിലും ഗാബ ടെസ്റ്റിലെ പന്തിന്റെ വിജയ റണും 2023 ലെ IPL ഫൈനലുമെല്ലാം നല്ല ഓർമകളായി കൂടെകൂടി... വീണ്ടും മറ്റൊരു ഏകദിന ലോകകപ്പ്... ഇന്ത്യ വേദി... കിരീടമുയർത്താൻ ഇതിലും മികച്ചൊരു അവസരം വേറെയില്ല... അങ്ങനെ പതിവ് പോലെ ഇന്ത്യ ഫൈനൽ വരെയും അപരാജിതരായി മുന്നേറി... ടീം എന്ന നിലയിൽ എല്ലാവരും പരമാവധി ശ്രമിച്ചു... ഓരോരുത്തരും പരസ്പരം പിന്തുണച്ചു.. മത്സരശേഷമുള്ള ഡ്രസ്സിങ് റൂം വിശേഷങ്ങൾ പോലും നമ്മൾ കാത്തിരുന്നു... എന്നാൽ സ്റ്റേഡിയത്തിലെ ഒരു ലക്ഷത്തിലധികം വരുന്ന കാണികളെ നിശബ്ദരാക്കി തങ്ങൾ ജയിക്കുമെന്ന കമ്മിൻസിന്റെ വെല്ലുവിളി ശരിയാവുന്നതായിരുന്നു മത്സരം തുടങ്ങിയപ്പോൾ കണ്ടത്...നമ്മളുയർത്തിയ ലക്ഷ്യം നിഷ്കരുണം ഓസ്ട്രേലിയ അടിച്ചെടുത്തത് കണ്ടപ്പോൾ വീണ്ടും മനസ് പിടഞ്ഞു... ഒരിക്കൽ കൂടെ കണ്ണുകൾ നിറഞ്ഞു... സിറാജിന്റെയും കോഹ്ലിയുടെയുമെല്ലാം കരഞ്ഞു കലങ്ങിയ മുഖങ്ങൾ ഇന്നും ഓർത്തെടുക്കാനാവും... മത്സരസമയം കൂട്ടുകാരുമായി പങ്കിട്ട പ്രതീക്ഷകൾ വീണുടഞ്ഞപ്പോൾ ഞങ്ങളും പരസ്പരം ആശ്വസിപ്പിച്ചു... പക്ഷെ ഉള്ളിൽ അപ്പോഴും ആ വേദന വിടാതെ പിന്തുടരുന്നുണ്ടായിരുന്നു...

ഒടുക്കം 2024 ടി-20 ലോകകപ്പ്... രോഹിത്തിന്റെയും വിരാടിന്റെയും അവസാന മത്സരങ്ങളെന്ന് പലരും വിധിയെഴുതി... കോഹ്ലിക്ക് ഇതുവരെയും T20 കിരീടം ചൂടാനായിട്ടില്ല... രോഹിത് ആവട്ടെ ഒരു കൗമാരക്കാരനായി കിരീടം കണ്ട ശേഷം നായകനായി കിരീടമുയർത്താനുള്ള സുവർണാവസരമാണ്. ഗ്രൂപ്പ്‌ ഘട്ടത്തിൽ മികച്ച വിജയങ്ങളുമായി മുന്നേറിയ ഇന്ത്യ സൂപ്പർ 8 ൽ ഓസ്ട്രേലിയയെ കീഴടക്കി കൊണ്ട് കഴിഞ്ഞ വർഷത്തെ തോൽവിക്ക് പകരംവീട്ടി. പിന്നീട് ഇംഗ്ലണ്ടിനെ സെമിയിലും തകർത്ത് നമ്മൾ മറ്റൊരു ലോക കിരീടത്തിനരികിൽ... ഫൈനൽ ആരംഭിക്കുകയാണ്, 140 കോടി ജനങ്ങൾ വീണ്ടും പ്രതീക്ഷയോടെ ടിവിക്കും സ്ക്രീനിനും മുമ്പിൽ ശ്വാസമടക്കി കാത്തിരുന്നു... അതുവരെയും മികച്ച റൺ കണ്ടെത്താൻ കഴിയാതെ പോയ രാജാവിന്റെ ബാറ്റിന് അന്ന് പഴയ ഊർജ്ജം കൈവന്നു... ഒപ്പം അക്സർ പട്ടേൽ കൂടെ തകർത്തടിച്ചപ്പോൾ 176 എന്ന ടോട്ടലിലേക്ക് ഇന്ത്യയെത്തി... ഒരു ഫൈനൽ മത്സരം, 2nd ബാറ്റിംഗ്, ഈ ലക്ഷ്യം തന്നെ ധാരാളം... ആദ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്തി ബൗളർമാരും പ്രതീക്ഷ തന്നു... എന്നാൽ ഒരറ്റത്ത് ക്ലാസനും ഒപ്പം കട്ടക്ക് കൂടെ നിന്ന് ഡി കോക്കും കൂടി ഇന്ത്യൻ പ്രതീക്ഷകളെ അതിർത്തി കടത്തികൊണ്ടിരുന്നു... പന്ത് പലയാവർത്തി സ്റ്റേഡിയത്തിന്റെ മേൽക്കൂരയിൽ പറന്നിറങ്ങി... ഒടുവിൽ ബുമ്ര വീണ്ടും അവതരിച്ചു... ഓരോവറിൽ രണ്ടു വിക്കറ്റ് വീഴ്ത്തി ബുമ്ര ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു... ഒടുക്കം അവസാന ഓവർ വന്നെത്തി... ലക്ഷ്യം 6 പന്തിൽ 16 റൺ... സ്‌ട്രൈകിലാകട്ടെ കില്ലർ മില്ലെറും...

ഹൃദയമിടിപ്പ് കൂടി, 3 മോശം പന്തുകൾ മതി, എല്ലാം അവസാനിക്കാൻ.... ക്യാപ്റ്റൻ ഹാർദികിനെ പന്തേൽപ്പിച്ചു... ആദ്യ ബോൾ...

മില്ലെർ പന്ത് ഉയർത്തിയടിച്ചു....

എല്ലാ കണ്ണുകളും ഒരുപോലെ പന്തിനൊപ്പം സഞ്ചരിച്ചു.... ഒരു നിമിഷം കണ്ണുകൾ മുറുക്കിയടച്ചു പോയി.... തീർന്നു...


"Long-off... long-off... LONG-ON! He's hit it high! He's hit it down towards long-off! Is it going to go? No! Oh, it's out... is it?! Oh, wait a minute... wait a minute! SURYAKUMAR YADAV!"



കണ്ണുകൾ വിശ്വസിക്കാനാവാതെ വീണ്ടും ആ രംഗം കണ്ടു, അയാൾ എവിടെ നിന്ന് വന്നു... എങ്ങിനെ ആ പന്ത് കൈപ്പിടിയിൽ ഒതുങ്ങി... യഥാർത്ഥത്തിൽ ആ ക്യാച്ചിൽ സൂര്യ പിടിച്ചെടുത്തത് ഒരു വിക്കറ്റ് മാത്രമല്ല, മറിച്ച് ലോകകിരീടം തന്നെയായിരുന്നു...

പിന്നെ ചടങ്ങുകൾ തീർക്കാൻ മാത്രമേ ഉണ്ടായിരുന്നുള്ളു... ഒടുവിൽ 169 റൺസിൽ ദഷിണാഫ്രിക്ക അവസാനിച്ചു... 13 വർഷത്തെ കിരീടവരൾച്ചക്ക് ശേഷം അതാ ഒരു ഇന്ത്യൻ നായകൻ വീണ്ടും ലോക കിരീടം ചൂടുന്നു... രോഹിത് ഗ്രൗണ്ടിൽ മുഖമമർത്തി കരഞ്ഞു, കോഹ്ലിയും വികാരധീനനായി... കണ്ടു നിന്ന കാണികളും, കോടിക്കണക്കിനു ആരാധകരും സന്തോഷത്തിൽ ആറാടി... ഒടുക്കം ലോകത്തെ കീഴടക്കിയ നായകൻ ത്രിവർണ പതാക ആ പുൽമൈതാനത്ത് നാട്ടി...


വർഷങ്ങളോളം കാത്തിരുന്ന ആ നിമിഷം വിശ്വസിക്കാനാവാതെ കണ്ണുകൾ നിറഞ്ഞൊഴുകി.അതേ, ഇന്ത്യയുടെ വിശ്വകിരീടനേട്ടം ഇതാ താൻ നേരിൽ കാണുന്നു... സന്തോഷം കൊണ്ട് എന്തെല്ലാമാണോ ചെയ്തുകൂട്ടിയത്... ഇന്നും തീർച്ചയില്ല...

ആ സന്തോഷത്തിനിടയിൽ, ഒട്ടും പ്രതീക്ഷിക്കാതെ ഒരു പ്രഖ്യാപനം കൂടി വന്നെത്തി... കോഹ്ലിയും രോഹിത്തും ജഡേജയും കുട്ടി ക്രിക്കറ്റിനോട് വിട പറയുന്നു... കഴിഞ്ഞ 15 വർഷത്തോളം തങ്ങൾ സ്വപ്നം കണ്ട ആ കിരീടം ചൂടി, ക്യാരിയറിന്റെ സമ്പൂർണതയിൽ അവർ വിടവാങ്ങൽ നടത്തിയിരിക്കുന്നു...


എത്രയോ നാളുകളായി ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകിയവരാണ്, ഇവരുടെ ശൂന്യത നികത്താനാവുമോ എന്നറിയില്ല, എങ്കിലും ഇന്ത്യൻ ആരാധകരെ സംബന്ധിച്ച് കിങ്ങും ഹിറ്റ്‌മാനും ജഡ്ഡുവുമെല്ലാം അത്രമേൽ പ്രിയപ്പെട്ടവർ തന്നെ... 


2024 ൽ ഒരു ക്യാച്ചിലൂടെ കിരീടം നേടി തന്ന സൂര്യ രണ്ടുവർഷങ്ങൾക്കപ്പുറം വീണ്ടും ആ കിരീടത്തെ കൈവിടാതെ നമുക്ക് നേടി തന്നു, പക്ഷെ ഇത്തവണ അയാൾക്ക് കപ്പിത്താന്റെ റോളായിരുന്നു... സഞ്ജുവിന്റെ ഇന്നിങ്സുകൾ ഈ ലോകകപ്പിന്റെ ഓർമകളായി ഉണ്ടാവുമെങ്കിലും 2024 ജൂൺ 29 ന്റെ രാത്രി പകർന്ന ആനന്ദവും ആഘോഷവും ഇന്നും മറക്കാൻ കഴിയുന്നില്ല...




No comments:

Post a Comment

ഓർമ്മപ്പെടുത്തൽ

 ഇരുപതു വയസ്സ്‌ കഴിഞ്ഞ 'മുതിർന്ന കുട്ടികളെ', ഇത് നിങ്ങളോടാണ്.... പ്രായത്തിന്റെ അളവുസൂചികയിൽ ഉത്തരവാദിത്തങ്ങളും ചുമതലകളും തനിയെ വന്നു...