Tuesday, December 5, 2023

ആരും കൊതിക്കുന്നൊരാൾ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം...

 പിന്നെയും പിന്നെയും


കുറെയായി എന്തെങ്കിലുമൊക്കെ എഴുതിയിട്ട്, അതുകൊണ്ട് തന്നെ ഇത്തവണ എഴുതുമ്പോൾ പ്രിയപ്പെട്ട എന്തിനെ കുറിച്ചെങ്കിലുമാവണം എന്ന് ഉറപ്പിച്ചിരുന്നു, അങ്ങനെ പലതും ആലോചിച്ച്, പുറത്ത് പെയ്തൊഴിയുന്ന മഴയെ നോക്കിയിരിക്കുമ്പോൾ, spotify പ്ലേലിസ്റ്റിൽ മനസ്സിനെ തണുപ്പിക്കാൻ എന്ന മട്ടിൽ അടുത്ത പാട്ട് പ്ലേ ചെയ്യാൻ തുടങ്ങി.....

"പിന്നെയും പിന്നെയും ആരോ കിനാവിന്റെ

പടികടന്നെത്തുന്ന പദനിസ്വനം

പിന്നെയും പിന്നെയും ആരോ നിലാവത്ത് 

പൊൻവേണുവൂതുന്ന മൃദുമന്ത്രണം..... "


കണ്ണുകൾ അറിയാതെ അടഞ്ഞു പോയി, മനസ്സ് പാട്ടിലെ വരികൾക്കൊപ്പം ദൂരെയെവിടെയോ അലയാൻ തുടങ്ങിയിരിക്കുന്നു.... എന്താണിത്?? എന്തു മാന്ത്രിക ശക്തിയാണ് എന്നെ ഈ പാട്ടിലേക്ക് അടുപ്പിക്കുന്നത്, ഓരോ തവണ കേൾക്കുമ്പോഴും വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തത്ഭുതമാണ് ഗിരീഷേട്ടനും വിദ്യാജിയും ഒളിപ്പിച്ചു വച്ചിരിക്കുന്നത്, അറിയില്ല, പക്ഷെ ഒരു കാര്യം മാത്രമെനിക്കറിയാം... ഈ പാട്ട് അതെന്റെ പ്രിയപ്പെട്ടതാവുന്നു....


പ്രണയമാണ് ഈ പാട്ടിന്റെ ഈണം, സ്വപ്നമാണതിന്റെ താളം, പ്രതീക്ഷയാണിതിന്റെ ഭാവം ... കൃഷ്ണഗുഡിയിലെ ഗിരി തന്റെ പ്രതീക്ഷകളത്രയും, തന്റെ മോഹങ്ങളത്രയും ആ വരികളിൽ ഒളിപ്പിച്ചു വക്കുന്നുണ്ട്. തന്നെ സ്നേഹിക്കുന്ന, താൻ സ്നേഹിക്കുന്ന ആ ഒരാൾക്ക് വേണ്ടിയുള്ള അയാളുടെ കാത്തിരിപ്പാണ് പാട്ടിന്റെ അവസാന വരികളിൽ അയാൾ പറഞ്ഞു പോവുന്നത്, "ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം... പിന്നെയും പിന്നെയും ആരോ... ആരോ.... ആരോ...." എന്ത് മനോഹരമാണീ വരികൾ.


അൽപ്പം ഫിലോസഫിക്കൽ ആയി പറഞ്ഞാൽ ഒരാളുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നതെന്താണ്? പണമാണോ, പ്രശസ്തിയാണോ,സ്ഥാനമാനങ്ങളാണോ? അല്ല, മറിച്ച് പ്രതീക്ഷയാണ്... എന്നെയും നിങ്ങളെയും മുന്നോട്ട് നയിക്കുന്ന പ്രതീക്ഷ... ഏതു പ്രതിസന്ധിക്കിടയിലും, ഏതു ദുരന്തമുഖത്തും തളർന്നു വീഴാതെ, മുന്നോട്ട് ചുവടു വക്കാൻ പ്രേരിപ്പിക്കുന്നത് ആ പ്രതീക്ഷയാണ്, ആരും കൊതിക്കുന്നോരാൾ വരും എന്നതായിരുന്നു ഗിരിയുടെയും പ്രതീക്ഷ... യഥാർത്ഥത്തിൽ നമ്മളും കാത്തിരിക്കുന്നത് ആ ഒരാൾക്ക് /ഒരു കാര്യത്തിന് വേണ്ടിയല്ലേ...


ഒരാൾ എന്ന് പറയുമ്പോൾ അത് പ്രണയം മാത്രമല്ലട്ടോ, നല്ല സൗഹൃദങ്ങളും, ജീവിതയാത്രയിൽ ക്ഷണിക്കാതെ വന്നു ചേരുന്ന നല്ല മനുഷ്യരും, നല്ല നിമിഷങ്ങളുമെല്ലാമാവാം... നമ്മളെ നന്നായി മനസ്സിലാക്കുന്ന ഏതൊരു പ്രശ്നത്തിലും ഒറ്റക്കായി പോവാതെ, കൂടെ നിൽക്കുന്ന, തളർന്നു പോവുമ്പോൾ താങ്ങായി മാറുന്ന ആ ഒരാൾ പോരെ ജീവിതം മുന്നോട്ട് പോവാൻ... ഒരു എഴുത്തുക്കാരന് വരികളാണ് പ്രതീക്ഷ, ശിൽപ്പിക്കാകട്ടെ കൊത്തിയെടുക്കുന്ന രൂപത്തിലാണ് പ്രതീക്ഷ, കർഷകന്‌ വിളനിലങ്ങളാണ് പ്രതീക്ഷ... അങ്ങിനെയങ്ങിനെ എല്ലാവർക്കും പ്രതീക്ഷയാണ് അവരുടെ ജീവിതത്തെ അർത്ഥമുള്ളതാക്കുന്നത്...


ഈ പാട്ടിന്റെ വരികൾ ഒന്ന് നോക്കൂ, എത്ര മനോഹരമായാണ് പ്രകൃതിയെ തന്റെ പദസമ്പത്ത് കൊണ്ട് ഗിരീഷ് പുത്തഞ്ചേരിയെന്ന അസാമാന്യ കവി വർണ്ണിച്ചിരിക്കുന്നത്... പുലർനിലാ ചിലയിൽ കുളിരിടും മഞ്ഞും, കരളിലെ തന്ത്രിയിൽ വിരൽ ചേർക്കുന്ന തെന്നലും, മിഴികളിൽ കുറുകുന്ന പ്രാവും,തിങ്കളിൻ നെറുകിൽ ചന്ദനം ചാർത്തിയ സന്ധ്യയും ,കുസൃതിയാൽ മൂളിപ്പറക്കും തുമ്പിയുമെല്ലാം എന്നോ കണ്ടുമറന്ന ഗ്രാമീണ ഭംഗിയെ വീണ്ടും മനസിന്റെ ജാലകത്തിൽ അതിഥിയായി പ്രതിഷ്ടിക്കുന്നു... ഒരു ഗാനത്തെ സംബന്ധിച്ച് അതിന്റെ രംഗങ്ങൾ എത്രമാത്രം പ്രധാനമാണെന്നറിയാൻ ഈ പാട്ടൊന്നു കണ്ടു നോക്കിയാൽ മതി, കോടമഞ്ഞു പുതച്ച കൃഷ്ണഗുഡിയും,ചൂളം വിളിച്ചെത്തുന്ന തീവണ്ടിയും, തണലൊരുക്കും മരങ്ങളുമെല്ലാം സമ്മാനിക്കുന്നത് വല്ലാത്തൊരു നൊസ്റ്റാൾജിയയാണ്.... എങ്ങിനെ അത് വർണിക്കുമെന്ന് ഇന്നും തീർച്ചയില്ല...


പലരോടും ഞാൻ പറഞ്ഞിട്ടുള്ള കാര്യമാണ്, എന്തെങ്കിലും വലിയ പ്രയാസം മനസ്സിന് വന്നാൽ, ആകെ തളർന്നു പോയി എന്ന് തോന്നിയാൽ ഞാൻ ചെയ്യുന്ന ഒരു കാര്യമുണ്ട്, മൊബൈലിൽ ഈ പാട്ടു വച്ച് കണ്ണടച്ചിരിക്കും കുറച്ചു നേരം... കൊടുംകാറ്റിന് ശേഷമുള്ള ശാന്തത പോലെ മനസ്സ് പതിയെ ശാന്തമാവുന്നതായി തോന്നാറുണ്ട്, ഏതോ പുതിയൊരു എനർജി വന്നു ചേർന്ന പോലെ, എന്തോ ഒരു പ്രതീക്ഷ ജന്മമെടുത്ത പോലെ... പതിയെ എല്ലാം ശരിയാവുന്നത് പോലെ തോന്നും, അത്രത്തോളം എന്നിൽ ഈ പാട്ടിനു സ്വാധീനം ചെലുത്താൻ കഴിഞ്ഞിരിക്കുന്നു, അപ്പോൾ പിന്നെ ഈയൊരു സമയത്ത് ഞാൻ എഴുതുമ്പോൾ എനിക്കേറെ പ്രിയപ്പെട്ട ഈ പാട്ടിനെ കുറിച്ചല്ലാതെ മറ്റെന്തിനെ കുറിച്ചെഴുതാൻ... അതേ കൃഷ്ണഗുഡിയിലെ പ്രണയകാലം സമ്മാനിച്ച ഏറെ പ്രിയപ്പെട്ട പിന്നെയും പിന്നെയും....




No comments:

Post a Comment

ഓർമ്മപ്പെടുത്തൽ

 ഇരുപതു വയസ്സ്‌ കഴിഞ്ഞ 'മുതിർന്ന കുട്ടികളെ', ഇത് നിങ്ങളോടാണ്.... പ്രായത്തിന്റെ അളവുസൂചികയിൽ ഉത്തരവാദിത്തങ്ങളും ചുമതലകളും തനിയെ വന്നു...