Sunday, December 15, 2024

IFFK കഴിഞ്ഞൊരു മടക്കം

 ചാർജില്ലാത്ത മൊബൈലും രാത്രിയിലെ ട്രെയിനും...


തിരുവനന്തപുരം മുഴുവൻ ചുറ്റികറങ്ങിയതിന്റെ ക്ഷീണത്തിൽ വൈകുന്നേരത്തെ ഗുരുവായൂർ ഇന്റർസിറ്റി പിടിക്കാൻ തിടുക്കം പിടിച്ച് തമ്പാനൂരിൽ എത്തി. സമയം നോക്കുമ്പോൾ ട്രെയിൻ എടുക്കാൻ ഇനിയും ഒന്നര മണിക്കൂർ ബാക്കിയുണ്ട്, ഹാവൂ സമാധാനം, ടിക്കറ്റ് റിസർവ് ചെയ്യാത്തതു കൊണ്ട് സീറ്റ്‌ കിട്ടില്ലേ പേടിച്ച് വന്ന എന്റെ മുമ്പിൽ സീറ്റുകൾ അതാ ഇഷ്ടംപോലെ ഒഴിഞ്ഞു കിടക്കുന്നു... "മോനെ മനസ്സിൽ ലഡ്ഡു പൊട്ടി!" യൂട്യൂബിൽ 'മഴ' സിനിമ കാണാൻ റെഡിയായി വിൻഡോ സീറ്റിൽ ഇരുന്ന് മൊബൈൽ എടുത്തപ്പോഴാണ് മനസ്സിലായത് ചാർജ് പകുതി കഴിഞ്ഞിട്ടുണ്ട്, എന്നാൽ പിന്നെ പ്ലഗ് ഇൻ ചെയ്യാല്ലോ എന്നും വിചാരിച്ച് നോക്കുമ്പോൾ ചാർജ് ചെയ്യാൻ സോക്കറ്റ് കാണാനില്ല, " I'm trapped !!! "

ഇനി എന്ത് ചെയ്യും, ടിക്കറ്റ് മൊബൈലിൽ ആണ്, പോരാത്തതിന് പരിചയമില്ലാത്ത റൂട്ടും, ട്രെയിൻ ഇറങ്ങിയാൽ പോവാനും മൊബൈൽ കൂടിയേ തീരൂ, ഇനീപ്പോൾ ഈ കോച്ചിന്റെ പ്രശ്നം ആണെന്നും വച്ച് അടുത്തതിൽ പോയി നോക്കി, ഒരു മാറ്റോം ഇല്ല , ന്താപ്പോ ചെയ്യാ, എങ്ങനെ സമയം കളയാ... അറിയില്ല, എത്ര നേരം വരെ ഉറങ്ങാൻ പറ്റും, ബാക്കി സമയം എന്തു ചെയ്യും? ഒന്നും അറിയില്ല... പാട്ടും കേട്ട് വിൻഡോസീറ്റിൽ ഇരുന്ന് പോവുന്നത് സ്വപ്നം കണ്ട ആളാണ്, ഇതിപ്പോൾ ഇരുട്ടടി കിട്ടിയ പോലെയായല്ലോ... ചുമ്മാ കയ്യൊന്ന് ബാഗിനുള്ളിൽ പരതി നോക്കി, എന്തോ ഭാഗ്യമുണ്ട്, പോരാൻ നേരം കയ്യിലിരിക്കട്ടെ എന്നും പറഞ്ഞ് ഒരു പുസ്‌തകം കൂടെ ബാഗിനുള്ളിൽ വച്ചിട്ടുണ്ട്. അപ്പോൾ ഇനി എന്തായാലും അത് വായിക്കാമല്ലോ, അങ്ങനെ സമയം കളയാമല്ലോ, വലിയ താല്പര്യമില്ലാഞ്ഞിട്ട് പോലും ആ പുസ്തകം വായിക്കുക എന്നത് അപ്പോഴത്തെ അനിവാര്യതയായി തീർന്നു.(വായന ഇഷ്ട്ടമാണ്, ഏറെ വായിക്കാറുമുണ്ട്, പക്ഷെ ആ സമയം കണ്ണടച്ച് പാട്ടുകേട്ടൊരു ഉറക്കമായിരുന്നു ആവശ്യം, അതാണ് വായിക്കാൻ താൽപ്പര്യമില്ലായെന്ന് പറഞ്ഞത് ) അങ്ങനെ പുസ്തകത്താളുകൾ മറച്ചുകൊണ്ട് വായന അതിവേഗം മുന്നോട്ടുപോയി... ട്രെയിൻ എടുത്തതും ബുക്ക്‌ കുറച്ചു നേരം അടച്ചു വച്ച് ഒന്ന് മയങ്ങി, ആ ദിവസത്തെ സകലക്ഷീണവും മാറിക്കിട്ടാൻ... മുക്കാൽ മണിക്കൂർ മാത്രമേ നിദ്രാഭാഗ്യം ഉണ്ടായുള്ളൂ, എന്തോ ആലോചിച്ച് പെട്ടെന്നെഴുനേറ്റു, വീണ്ടും വായന തുടർന്നു... അപ്പുറത്തെ സീറ്റിൽ ലൗഡ് സ്പീക്കർ പോലെ കുട്ടികൾ ഇരുന്ന് സംസാരിക്കുന്നത് കേട്ടപ്പോൾ കൂട്ടുക്കാരോടൊപ്പമുള്ള എന്റെ ട്രെയിൻ യാത്ര ഓർമ്മ വന്നു, കയറി കഴിഞ്ഞാൽ ഇറങ്ങാനാവുന്നതും വരെ ഇടതടവില്ലാതെ സംസാരിക്കുന്ന സ്വഭാവം എനിക്കും ഇത്തിരി വശമുണ്ട്... പോരാത്തതിന് നല്ല ശബ്ദവും... ഹാ എന്തായാലും ഇത്തിരി ഒച്ചയും ബഹളവും ഇല്ലാതെ എന്ത് സെക്കന്റ്‌ ക്ലാസ് യാത്ര!!! പുട്ടിനിടക്ക് നാളികേരം നിറക്കുന്ന പോലെ ഇടക്കിടക്ക് ചായയും കാപ്പിയും കൊണ്ട് വരുന്ന ആളുകളുടെ ശബ്ദവും അവിടെ 

സജീവമായിരുന്നു...ഇടക്ക് മൊബൈൽ എടുത്ത് ചാർജും സ്റ്റേഷനും നോക്കി നിർവൃതിയടയും... നല്ല മെലഡി കേട്ട് പോവേണ്ടിയിരുന്ന ഞാനാണല്ലോ ഇങ്ങനെ പെട്ടത്, സാരല്ല അപ്പുറത്തെ ആളുടെ കയ്യിൽ പവർ ബാങ്ക് ഉണ്ടോ എന്ന് ചോദിക്കാം എന്ന് വിചാരിച്ച് തത്കാലം social anxiety മാറ്റിവെക്കാൻ ഒരുക്കമായി, അവരുടെ സംഭാഷണം അപ്പോഴാ ശ്രദ്ധിക്കുന്നത്, ആ പയ്യൻ മൊബൈൽ സ്വിച്ച് ഓഫ്‌ ആവും എന്ന് സുഹൃത്തിനോട് പരാതി പറഞ്ഞോണ്ടിരിക്കുകയായിരുന്നു... ബെസ്റ്റ്, നല്ല കൂട്ടാണ് കിട്ടിയത്,മൊബൈൽ ഇല്ലാത്ത രണ്ടുപേർ ഒരു സീറ്റിൽ ഇരിക്കാൻ വിധിക്കപ്പെട്ടു...


പുറത്തെ നിലാവിൽ അകലെയുള്ള പച്ചപ്പും പാടവും കായലും കണ്ടുതുടങ്ങിയപ്പോൾ വണ്ടി ആലപ്പുഴയെത്തി എന്ന് മനസ്സിലായി, ഒരു ചടങ്ങ് പോലെ പിന്നെയും മൊബൈൽ എടുത്ത് സമയം നോക്കി, ഇന്റർനെറ്റ്‌ ഓണാക്കി മെസ്സേജസ് വായിച്ചപ്പോഴും റീൽ കാണാനും പാട്ടുകേൾക്കാനും ഉള്ള ആഗ്രഹം പുറത്തുചാടാൻ നോക്കിയെങ്കിലും എങ്ങനെയോ പിടിച്ചുനിർത്തി...വായന ഏറെ ദൂരം മുന്നോട്ട് പോയി, ഒരു വേള പുസ്തകം വായിച്ചു തീരുമോ എന്ന് പോലും തോന്നി, ആദ്യമായതു കൊണ്ടാണോ അറിയില്ല, രാത്രി ട്രെയിനിൽ പോവുമ്പോഴുള്ള വായന അത് വല്ലാത്തൊരു അനുഭവം തന്നെ ആണുട്ടോ, പ്രത്യേകിച്ച് ഇടവിട്ട് വരുന്ന കാറ്റും, അകലെ തെളിഞ്ഞും മങ്ങിയും കൊണ്ടിരിക്കുന്ന കുഞ്ഞു വെളിച്ചവും, എതിരെ തീവണ്ടി പോവുമ്പോഴുള്ള ഒച്ചയുമെല്ലാം കൂടെ ഒരു രസംണ്ട്...ട്രെയിൻ അരൂർ കഴിഞ്ഞപ്പോൾ പതിയെ ഇറങ്ങാനുള്ള തയാറെടുപ്പ് തുടങ്ങി... ഗ്രാമത്തിൽ നിന്നും നഗരത്തിലേക്കുള്ള മാറ്റം ഈ ഒരു സമയത്ത് വ്യക്തമായിരുന്നു, അകലെയായി വലിയ വലിയ കെട്ടിടങ്ങൾ തലപൊക്കി നിൽക്കയും അതിലെല്ലാം കൂടെ വെളിച്ചവും ദൂരെ റോഡിലെ വാഹനങ്ങളുടെ തിരക്കും എല്ലാം കൂടെ രാത്രിയെ പ്രകാശപൂരിതമാക്കി എന്ന് പറയാം... (അൽപ്പം സാഹിത്യം കയറിവന്നു, ഹാ ഇരിക്കട്ടെ, വന്നുകയറിയ അതിഥിയെ തട്ടിമാറ്റേണ്ടല്ലോ) ട്രെയിൻ പറഞ്ഞതിലും 10 മിനുട്ട് മുമ്പ് സ്റ്റേഷനിൽ എത്തിയിരിക്കുന്നു, അത്ഭുതം, സാധാരണ എല്ലാ വണ്ടിയും വൈകിയോടുമ്പോൾ അവസാന സ്റ്റേഷൻ അല്ലാഞ്ഞിട്ടും ഇതെങ്ങനെ നേരത്തെ എത്തി എന്നാലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ല, ആലോചിച്ച് നിന്നിട്ട് കാര്യമില്ല, നല്ല തിരക്കുണ്ട്, വേഗം ഇറങ്ങണം. മൊബൈൽ എടുത്ത് ഒന്നുകൂടെ നോക്കി, ചാർജ് അതാ ഒറ്റയക്കത്തിലേക്ക് കടന്നിരിക്കുന്നു, ഇനി എല്ലാം പെട്ടന്നായിരിക്കും, ഒരു call വന്നാൽ മതി, തൃപ്തിയാവും... എങ്ങനെയെങ്കിലും വേഗം പോയി മെട്രോയിൽ ചാർജിനിടാം എന്ന് വിചാരിച്ച് സ്റ്റേഷനിൽ എത്തിയപ്പോൾ അവിടെ അതാ ഒരു പൂരത്തിനുള്ള ആൾക്കാരും പുറത്തേക്കു നീണ്ടവരിയും, വേറെ വഴിയില്ലാതെ ഓൺലൈൻ ടിക്കറ്റ് എടുത്ത് പ്ലാറ്റഫോംമിൽ എത്തിയപ്പോൾ അടുത്ത വണ്ടി വരാൻ 7 മിനിറ്റ് ബാക്കി, അത് വരെ ഫോൺ ഓഫാവാതെ ഇരിക്കുമെന്ന് യാതൊരുറപ്പുമില്ലാഞ്ഞിട്ടും മൊബൈൽ നോക്കാതെ ശ്രദ്ധിച്ചു, ഒടുവിൽ 'യമുന' വന്നെത്തി (മെട്രോ ട്രെയിനിന്റെ പേരാണ് യമുന) കയറിയയുടനെ ചാർജിങ് പോയിന്റിന്റെ അടുത്ത് സീറ്റ്‌ പിടിച്ച് മൊബൈൽ കുത്തി വച്ചു... ശേഷം 20 മിനുറ്റിനുമേൽ അതിലുള്ള യാത്ര, ഒടുക്കം ചാർജിൽ വലിയ പുരോഗതി ഇല്ലെങ്കിലും പുറത്തിറങ്ങാനുള്ള വഴി മാത്രം കിട്ടി, സ്റ്റേഷൻ കഴിഞ്ഞ് ഇനി നടക്കണം, അതും ഇരുപത് മിനിറ്റോളം, വെളിച്ചമില്ലെങ്കിൽ എന്തെങ്കിലും ചെയ്യാം, ഇതിപ്പോ പാട്ടില്ലാതെ എങ്ങനെ നടക്കും ഒറ്റക്ക്, ഹാ ഗതികെട്ടാൽ പുലിയാണെങ്കിലും പുല്ല് തിന്നും എന്നല്ലേ, 15 മിനിറ്റുകൊണ്ട് നടന്ന് റൂമെത്തി മൊബൈൽ കുത്തിവച്ചപ്പോൾ നഷ്ട്ടപ്പെട്ടു പോവുമായിരുന്ന ജീവൻ തിരിച്ച് കിട്ടിയ ഫീൽ...എന്ത് പറയാൻ, അങ്ങനെ ആ ഉദ്യമവും വിജയിച്ചു കൊണ്ട് യാത്ര ഇനിയും മുന്നോട്ട്, മുന്നോട്ട്, മുന്നോട്ട്...


അടുത്ത യാത്രയിൽ ഇനി എന്തെല്ലാം ആയിരിക്കുമാവോ കാത്തിരിക്കുന്നത്, കണ്ടറിയാം, അല്ല അനുഭവിച്ചറിയാം...

No comments:

Post a Comment

ഓർമ്മപ്പെടുത്തൽ

 ഇരുപതു വയസ്സ്‌ കഴിഞ്ഞ 'മുതിർന്ന കുട്ടികളെ', ഇത് നിങ്ങളോടാണ്.... പ്രായത്തിന്റെ അളവുസൂചികയിൽ ഉത്തരവാദിത്തങ്ങളും ചുമതലകളും തനിയെ വന്നു...